കനേഡിയന്‍ നെഹ്റു ട്രോഫി അന്താരാഷ്ട്ര വള്ളം കളി ഓഗസ്റ് 30ന്
Thursday, August 28, 2014 8:36 AM IST
ബ്രംപ്ടണ്‍ (കാനഡ): ആറാമത് കനേഡിയന്‍ നെഹ്റു ട്രോഫി അന്താരാഷ്ട്ര വള്ളം കളിക്ക് കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജം അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി സമാജം സംഘാടകര്‍ അറിയിച്ചു.

ഓഗസ്റ് 30ന് (ശനി) ഫൊക്കാനയുടെ പിന്തുണയോടു കൂടി നോര്‍ത്ത് അമേരിക്കയെ ആകമാനം ആവേശം കൊള്ളിക്കുന്ന കനേഡിയന്‍ നെഹ്റുട്രോഫി വള്ളംകളി കാനഡയില്‍ നടക്കുക. ബ്രംപ്ടനിലെ പ്രഫസേഴ്സു തടാകമാണ് ഇക്കൊല്ലവും മത്സരങ്ങള്‍ക്കായി തയാറായിരിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് സമാജം വള്ളംകളിക്ക് ഒരുക്കിയിക്കുന്നത്.

ബീച്ച് വോളി ബോള്‍ ടൂര്‍ണമെന്റ് രാവിലെ പത്തിന് ആരംഭിക്കും. തുടര്‍ന്ന് ഇന്ത്യന്‍ സ്വതന്ത്യ്രദിനാഘോഷ പരിപാടികളും പതാക ഉയര്‍ത്തലും ഉണ്ടായിരിക്കും. വള്ളംകളി മത്സരം രാവിലെ 11ന് ആരംഭിക്കും. നിരവധി ടീമുകള്‍ ഇതിനോടകംതന്നെ മത്സരത്തിനു തയാറായി കഴിഞ്ഞു. മത്സരത്തിനായി ആഗ്രഹിക്കുന്ന ടീമുകള്‍ രാവിലെ തന്നെ ലേക്കില്‍ എത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

പ്രമുഖ വ്യാപാരിയായ മനോജ് കാരത്ത റീ മാക്സ് സ്പോണ്‍സര്‍ ചെയ്യുന്ന നെഹ്റു ട്രോഫിയും ആയിരം കനേഡിയന്‍ ഡോളറുമാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

ബ്രംപന്‍ മലയാളി സമാജത്തിന്റെ എല്ലാ പരിപാടികളും ഏറ്റെടുത്തു വിജയിപ്പിക്കുന്ന നല്ലവരായ എല്ലാ നാട്ടുകാരോടും പ്രത്യേകിച്ച് വള്ളം കളി ടീമുകളോട് സമാജത്തിനുള്ള നന്ദി പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പ്രകാശിപ്പിച്ചു. പ്രവാസി മലയാളെ ചരിത്രത്തിലെ ഇതിഹാസമായി മാറിയിരിക്കുന്ന കനേഡിയന്‍ നെഹ്റു ട്രോഫി വള്ളം കളിയുടെ വിജയത്തിനായി സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ ചെയ്യുന്ന ചെറുതും വലുതുമായ സഹായ സഹകരണങ്ങള്‍ തികഞ്ഞ ഒരു മാതൃക ആണെന്ന് പ്രക്കാനം പറഞ്ഞു.

നാടിന്റെ ആവേശമായ വള്ളംകളിയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു.

മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ജൂറികള്‍ അടങ്ങുന്ന കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുക. അവരുടെ തീരുമാനം മത്സരത്തില്‍ ഉടനീളം അന്തിമമായിക്കുമെന്ന് സെക്രട്ടറി ഗോപകുമാറും ട്രഷറര്‍ തോമസ് വര്‍ഗീസും അറിയിച്ചു. എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വള്ളംകളിക്കു ഉണ്ടാകണമെന്നും പരിപാടികള്‍ ഗംഭീരമാകാന്‍ ആളുകള്‍ നേരെത്തെതന്നെ എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമാജം ഒരുക്കുന്ന രുചികരമായ നടന്‍ 'കാപ്പികട' രാവിലെ 10 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ഇവന്റ് കോഓര്‍ഡിനേറ്റേഴ്സ് ആയ മത്തായി മാത്തുള്ള, സെന്‍ മാത്യു, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അറിയിച്ചു.