തെളിവുകള്‍ നിരാകരിക്കണമെന്ന ഇടാത്തിയുടെ ഹര്‍ജി കോടതി തള്ളി
Saturday, August 30, 2014 8:32 AM IST
ബര്‍ലിന്‍: ബാലലൈംഗികത സംബന്ധിച്ച തന്റെ വീട്ടില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്ത തെളിവുകള്‍ നിരാകരിക്കണമെന്നാവശ്യപ്പെട്ട് മലയാളി വംശജനായ മുന്‍ ജര്‍മന്‍ എംപി സെബാസ്റ്യന്‍ ഇടാത്തി നല്‍കിയ ഹര്‍ജി ജര്‍മനിയിലെ ഭരണഘടനാ കോടതി തള്ളി. റെയ്ഡ് നടത്താന്‍ മതിയായ സാഹചര്യത്തെളിവുകള്‍ ഇടാത്തിക്കെതിരേ നിലനിന്നിരുന്നു എന്നും കോടതി വിലയിരുത്തി.

അതേസമയം, പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇടാത്തിക്കു ലഭ്യമായിരുന്ന പ്രത്യേക സംരക്ഷണം റെയ്ഡില്‍ ലംഘിക്കപ്പെട്ടു. എന്നാല്‍, അതിനെതിരേ അപ്പോള്‍തന്നെ ബന്ധപ്പെട്ട പാര്‍ലമെന്ററി അധികൃതര്‍ക്കാണ് പരാതി നല്‍കേണ്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ പോലീസ് പിടിച്ചെടുത്ത തെളിവുകള്‍ നിരാകരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കാനഡയില്‍നിന്ന് ഇടാത്തി ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ ബാല ലൈംഗികതയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പ്രധാന തെളിവ്. എന്നാല്‍, ഇത് വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഓര്‍ഡര്‍ ചെയ്ത നിയമപരമായ ചിത്രങ്ങളാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദവും കോടതി തള്ളുകയാണു ചെയ്തത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായിരുന്ന ഇടാത്തി, ജര്‍മന്‍ രാഷ്ട്രീയത്തിലെ ഉദിച്ചുയരുന്ന താരമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്താണ് ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കുന്നത്. അതിനു പിന്നാലെ റെയ്ഡ് നടന്നെങ്കിലും അറസ്റ് നടന്നില്ല.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനും പത്തിനും ഇടയില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ലാപ്ടോപ്പ് ഉപയോഗിച്ച് ഏഴു തവണ ഇടാത്തി ബാല ലൈംഗിക ചിത്രങ്ങളും വീഡിയോകളും ഡൌണ്‍ലോഡ് ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു.ഇടാത്തി ഇപ്പോഴും ഒളിവിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍