അയനം ഓപ്പണ്‍ ഫോറം ഒഡേസ സത്യന്‍ അനുസ്മരണം സംഘടിപ്പിച്ചു
Saturday, August 30, 2014 8:33 AM IST
കുവൈറ്റ്: അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ ഒഡേസ സത്യന്‍ അനുസ്മരണവും ഡോക്കുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു. കുവൈറ്റിലെ സാംസ്കാരികപ്രവര്‍ത്തകരുടെ കൂട്ടായ്മയായ അയനം ഓപ്പണ്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ കുവൈറ്റിലെ പ്രമുഖ എഴുത്തുകാരും കലാ ആസ്വാദകരും പങ്കെടുത്തു. അയനം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ എഴുത്തുകാരായ കരുണാകരന്‍, ബര്‍ഗ് മാന്‍ തോമസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഒഡേസക്കുവേണ്ടി സത്യന്‍ നിര്‍മിച്ച കവി എ.അയ്യപ്പനെക്കുറിച്ചുള്ള 'ഇത്രയും യാതഭാഗം' എന്ന ഡോക്കുമെന്ററിയും സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്കുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ജോയിന്റ് കണ്‍വീനര്‍ ഷാജി രഘുവരന്‍ ഒഡേസ സത്യനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.

സാമൂഹിക സംവിധാനങ്ങളിലെ അനീതികള്‍ക്കെതിരായും നമ്മുടെ ഉപരിപ്ളവ ജീവിതങ്ങളിലെ വ്യാജയുക്തികളെയും കാപട്യത്തെയും നിരന്തരം തുറന്നു കാട്ടി പ്രതിഷേധിക്കുകയും ചെയ്ത സത്യന്‍, ഒഡേസ എന്ന ജനകീയ ബദലിനെ ജീവിതാവസാനം വരെ നിലനിര്‍ത്തുകയുണ്ടായി. സാമൂഹിക മാറ്റത്തിനു സിനിമയും പ്രേരകമാകുമെന്നും അത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനു മൂലധനത്തിന്റെ സംരംഭം ജനങ്ങളില്‍ നിന്ന് തന്നെയാവണമെന്നും ഉറച്ചു വിശ്വസിച്ചിരുന്നു സത്യന്‍. വിപ്ളവകരമായ ഈ തുടര്‍ച്ചക്ക് ബൌദ്ധികമായ പോരാട്ടങ്ങള്‍ക്ക് മറുനാട്ടിലായാലും ഞങ്ങള്‍ അറിയുന്നു എന്ന ഓര്‍മപ്പെടുത്തലാണ് അയനം ഈ പരിപാടിയിലൂടെ മുന്നോട്ടുവച്ചത്.

തുടര്‍ന്നു സംസാരിച്ച കരുണാകരന്‍ തന്റെ ഒഡേസ അനുഭവങ്ങളും കലാ സങ്കല്‍പ്പങ്ങളിലെ വൈരുധ്യവും വിലയിരുത്തുകയുണ്ടായി.

എല്ലാ മാര്‍ക്സിസ്റ് പ്രതിജ്ഞാ ബദ്ധകലകളുടേയും ഒരു പ്രശ്നം, അത് ഒരു യുട്ടിലിറ്റേറിയന്‍ തത്വത്തില്‍ വിശ്വസിക്കുന്നു എന്നതാണ്. കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന വളരെ വ്യാജമായിട്ടുള്ള ഇടത് കലാസങ്കല്‍പ്പങ്ങള്‍ ഉണ്ട്. അത്തരം കലാസങ്കല്‍പ്പങ്ങളുടെ ഒരു ധാരയിലെ തുടര്‍ച്ചയാണു ജോണും ഒഡേസയുമൊക്കെ മുന്നോട്ടുവച്ചത്. കലയുടെ ആത്യന്തികമായിട്ടുള്ള നിരീക്ഷണം അതൊരു കലാവസ്തു ആണൊ എന്നതാണ്, ആ അര്‍ഥത്തില്‍ ജോണ്‍ ഏബ്രഹാം ഒരു പരാജയപ്പെട്ട ചലച്ചിത്രകാരനാണ് എന്ന് പറയേണ്ടിവരും. പക്ഷെ ഡോക്കുമെന്ററി ഫോര്‍മാറ്റ് സമരോത്സുകമായ കല എന്ന അര്‍ഥത്തില്‍ ആനന്ദ് പട് വര്‍ധനൊക്കെ നിരീക്ഷിക്കുന്നുണ്ട്. മലയാളി സമൂഹത്തിന്റെ ഒരു പ്രധാന പരിമിതി ഏറെ വിപ്ളവകരമെന്ന് നാം മുന്നില്‍ വയ്ക്കുന്ന കലാ മാതൃകകള്‍ ഏറ്റവും പിന്തിരിപ്പനാവുന്നുണ്ട് എന്നതാണ്. മാര്‍ക്സിസ്റ് ലെനിനിസ്റ് കലാസങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു ഉപസംസ്കാരം പിന്നീടൊരു മതാനുഷ്ഠാനം പോലെ കലയെ സംബന്ധിച്ചിടത്തോളം റെഡിമെയ്ഡ് ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്. ജോണിനെയൊക്കെ ഒരു മിത്ത് പോലെയോ മറ്റോ അവതരിപ്പിക്കുന്നത് തന്നെ മതപരമായ ഒരു കാഴ്ചപ്പാടാണ്. മതപരം എന്നത് സംഘടിതരൂപത്തിലേക്ക് കലയെക്കുറിച്ചുള്ള സൌന്ദര്യ ആലോചനകളെ കൊണ്ടുവരിക എന്നതാണ്. ആ അര്‍ഥത്തില്‍ അത് കലാവിരുദ്ധമാണ്, എഴുത്തുകാരന്‍ കരുണാകരന്‍ അഭിപ്രായപ്പെട്ടു.

ജോണ്‍ ഏബ്രഹാമിന്റെ കലാസങ്കല്‍പ്പങ്ങളിലെ ചലച്ചിത്രം പരാജയപ്പെട്ട ചലച്ചിത്ര രൂപമാണെങ്കില്‍ കുറസോവയെപ്പോലുള്ള സത്യജിത് റേ യെപോലുള്ള വിഖ്യാത ചലച്ചിത്രകാരന്മാരും പരാജിതരുടെ ശ്രേണിയില്‍ വരുമെന്ന് കണ്ണന്‍ കാവുങ്കല്‍ നിരീക്ഷിച്ചു. ഒഡേസയുടെയോ ജോണ്‍ ഏബ്രാഹിമിന്റെയോ കലാ മൂല്യങ്ങളെ വിലയിരുത്തുന്നതിലുപരി അവര്‍ മുന്നോട്ടുവച്ച ബദല്‍ മാതൃകയെ നാം അന്വേഷിക്കേണ്ടതാണെന്ന് എഴുത്തുകാരന്‍ ബര്‍ഗ് മാന്‍ തോമസ് അഭിപ്രായപ്പെട്ടു. വിഖ്യാതമായ ഐസെന്‍സ്റൈന്‍ ചലച്ചിത്രം 'ബാറ്റില്‍ഷിപ് പോതംപ്കിന്‍' എന്ന സിനിമയിലെ പ്രശസ്തമായ ഒഡേസ പടവുകള്‍ എന്ന ആഖ്യാനമാണ് ആ പേരു തെരെഞ്ഞെടുക്കാന്‍ ഒഡേസക്കു പ്രേരണയായത്. അതില്‍ നിന്നു തന്നെ സമരോത്സുകമായ ഒരു കലാസങ്കല്‍പ്പം തന്നെയാണ് അവര്‍ വിഭാവന ചെയ്തത്. ഒരു ബദല്‍ നിര്‍മിക്കുകയാണ് ചെയ്തത്.

ഒഡേസക്കൊപ്പം ഡോക്കുമെന്ററി നിര്‍മാണത്തില്‍ പങ്കെടുത്ത ഫോട്ടോഗ്രാഫര്‍ ശ്രീനിവാസന്‍ ഒഡേസ സത്യനുമായുള്ള ഓര്‍മകള്‍ പങ്കുവച്ചു. നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടി ആശയഗംഭീരവും സത്യന് ഉചിതമായ അനുസ്മരണവുമായി. കൈപ്പട്ടൂര്‍ തങ്കച്ചന്‍, ധിലിന്‍ നാരായണന്‍ എന്നിവരും പ്രസംഗിച്ചു. ഇക്ബാല്‍ കുട്ടമംഗലം, ഷെരിഫ് താമരശേരി, സാബു പീറ്റര്‍, പി.പി. ജുനൂബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആര്‍ട്ടിസ്റ് ഉത്തമന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ അബ്ദുള്‍ ഫത്താഹ് തൈയില്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍