മസ്കറ്റില്‍ മൂന്നാമത് ഗള്‍ഫ് കാത്തലിക് കരിസ്മാറ്റിക് കോണ്‍ഫറന്‍സ് ഒക്ടോബര്‍ അഞ്ചു മുതല്‍ ഏഴു വരെ
Saturday, August 30, 2014 8:33 AM IST
മസ്കറ്റ്: ജിസിസി രാജ്യങ്ങളില്‍ മൂന്നു വര്‍ഷം കൂടി നടത്തിവരുന്ന ഗള്‍ഫ് കാത്തലിക് കരിസ്മാറ്റിക് കോണ്‍ഫറന്‍സ് ഒക്ടോബര്‍ ആഞ്ചു മുതല്‍ ഏഴു വരെ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ നടക്കും.

മസ്കറ്റ് റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയാണ് മൂന്നു ദിവസത്തെ കോണ്‍ഫറന്‍സിന് ആഥിത്യം അരുളുന്നത്.

'എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ തീം. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി മലയാളം കൂട്ടായ്മയുടെ കമ്മറ്റിയിലെ പ്രധിനിധി ജോസ് ഫ്രാന്‍സിസ് 'ദീപിക' യോട് പറഞ്ഞു.

2008 ല്‍ അബുദാബിയിലും 2011 ല്‍ കുവൈറ്റിലുമാണ് ജിസിസിആര്‍ കോണ്‍ഫറന്‍സ് നടന്നത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന വി. കുര്‍ബാനകള്‍ക്ക് അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ പീറ്റര്‍ രജിക്, മധ്യ അറേബ്യ വികാര്‍ അപ്പസ്തോലിക് മാര്‍ പോള്‍ ഹിന്റര്‍ ഒഎഫ്എം കപ്പൂച്ചിന്‍, വടക്കേ അറേബ്യ ബിഷപ് മാര്‍ കാമിലിയോ ബാല്ലിന്‍ എംസിസിജെ എന്നിവര്‍ മുഖ്യ കാര്‍മികരായിരിക്കും.

വിവിധ ദിവസങ്ങളില്‍ പ്രശസ്ത സുവിശേഷ പ്രാസംഗികരായ ഫാ. റനീരോ കന്റാലമെസ ഒഎഫ്എം കപ്പൂച്ചിന്‍, ഫാ. വര്‍ഗീസ് ചെമ്പോളി ഒഎഫ്എം കപ്പൂച്ചിന്‍, ഫാ. ജോയ് മേനാച്ചേരി ഒഎഫ്എം കപ്പൂച്ചിന്‍, സിറില്‍ ജോണ്‍, ജിം മര്‍ഫി, അരുണ്‍ ഗോഗ്ന തുടങ്ങിയവര്‍ സുവിശേഷ പ്രഘോഷണം നടത്തും.

ഒമാനില്‍ നിന്നുള്ള ആയിരം പേര്‍ക്കു പുറമെ വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നും ആയിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. 15 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് കോണ്‍ഫറന്‍സ് ദിവസങ്ങളില്‍ പ്രത്യേക ക്രിസ്റീന്‍ ധ്യാനവും നടക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം