പച്ചക്കറി വില കുറയുന്നു
Saturday, August 30, 2014 8:37 AM IST
മത്തിക്കരെ: പച്ചക്കറിയുടെ വില കുറഞ്ഞുതുടങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. ഓണം സീസണ്‍ അടുക്കുന്നതോടെ കൂടുതല്‍ പച്ചക്കറികള്‍ വിപണിയിലെത്തുമെന്നും വില ഇനിയും താഴുമെന്നുമാണ് നിഗമനം. കഴിഞ്ഞയാഴ്ചവരെ അറുപതും എഴുപതും രൂപയ്ക്ക് വിറ്റിരുന്ന കാരറ്റിന്റെ ഇന്നലത്തെ ചില്ലറ വില്പന വില 40 രൂപയായി താഴ്ന്നു. അതുപോലെ തന്നെ 60 രൂപയുണ്ടായിരുന്ന ബീന്‍സിന്റെ വില കിലോഗ്രാമിന് 30 രൂപയുമായിട്ടുണ്ട്. എന്നാല്‍ ചെറിയ ഉള്ളിയുടെ വില മേലോട്ടാണ്. 40 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത്തെ വില 60 രൂപയാണ്. പച്ച ഏത്തക്കായകിലോയ്ക്ക് 35രൂപ ആയിരുന്നത് 50രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ഓണം അടുക്കുന്നതോടെ പച്ചക്കായയുടെ വില കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. പച്ച ഏത്തക്കായയുടെ ലഭ്യതക്കുറവും മഴമൂലമുണ്ടായ വിളനാശവുമാണ് വില കൂടാന്‍ കാരണമെന്ന് യശ്വന്തപുര മാര്‍ക്കറ്റിലെ പ്രമുഖ വ്യാപാരി ടി.സി. ആന്റണി പറഞ്ഞു. ഉരുളക്കിഴങ്ങ് കിലോഗ്രാമിന് കഴിഞ്ഞയാഴ്ച വരെ യശ്വന്ത്പുര മൊത്ത വ്യാപാര കേന്ദ്രത്തില്‍ 35 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 16 രൂപയായി കുത്തനെ താഴ്ന്നു. കര്‍ണാടകയിലെ പ്രമുഖ ഉരുളക്കിഴങ്ങ് ഉത്പാദന കേന്ദ്രമായ ഹാസനില്‍ വിളവെടുപ്പ് തുടങ്ങിയതിനാലാണ് ഈ വിലക്കുറവ്.

പച്ചരിയുടെ വില ഒരാഴ്ച കൊണ്ട് ക്വിന്റലിന് 200 രൂപ വരെ കൂടി. സാമ്പാറിന് ഉപയോഗിക്കുന്ന തുവരപ്പരിപ്പിന് മൂന്നാഴ്ച കൊണ്ട് കിലോഗ്രാമിന് 10 രൂപ വരെ കൂടിയിട്ടുണ്ട്. അതുപോലെ കറിക്കടല കിലോഗ്രാമിന് മൂന്നുരൂപ വരെ കൂടി. ചെറുപയര്‍ പരിപ്പിന് കിലോഗ്രാമിന് 12 രൂപ വരെ കുറഞ്ഞു.