മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഹാമില്‍ട്ടണില്‍ പുതിയ പാരീഷ്
Saturday, September 6, 2014 4:20 AM IST
ഹാമില്‍ട്ടണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഹാമില്‍ട്ടണില്‍ വി. യോഹന്നാന്‍ ശ്ശീഹായുടെ നാമത്തില്‍ പുതിയ പാരീഷ് അനുവദിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷം മുമ്പ് രൂപീകൃതമായ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ആരാധനാ സമൂഹത്തെ ഇടവക മെത്രാപ്പോലീത്ത (നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഡയോസിസ്) അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് തിരുമേനി 2014 ഫെബ്രുവരിയില്‍ കോണ്‍ഗ്രിഗേഷനായും ഓഗസ്റ് 30-ന് ശനിയാഴ്ച വി. കുര്‍ബാനാനാന്തരം ഇടവകയായും പ്രഖ്യാപിച്ച് കല്‍പ്പന നടത്തുകയുണ്ടായി.

വി. കുര്‍ബാനയിലും പ്രഖ്യാപന ചടങ്ങുകളിലും സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി വെരി റവ. ലസറസ് റമ്പാന്‍ കോര്‍എപ്പിസ്കോപ്പ, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ.ഫാ. മാത്യൂസ് പി.കെ, റവ.ഫാ. സാം തങ്കച്ചന്‍, വികാരി റവ.ഫാ.ഡോ. തോമസ് ജോര്‍ജ് എന്നിവരെ കൂടാതെ ധാരാളം വിശ്വാസികളും പങ്കെടുത്തു.

തദവസരത്തില്‍ കേരള ക്രൈസ്തവരുടെ ഹാമില്‍ട്ടണിലെ ആദ്യ ദേവാലയമായ സെന്റ് ജോണ്‍സ് പാരീഷ് ആ പ്രദേശത്തിന് വിളക്കായി തീര്‍ന്ന് അനേകരെ ദൈവരാജ്യത്തിലേക്ക് വഴികാട്ടാനുതകട്ടെ എന്ന് ഇടവക മെത്രാപ്പോലീത്ത കല്‍പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം