ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയെ കത്തീഡ്രലായി പ്രഖ്യാപിച്ചിട്ടില്ല : സഖറിയ മാര്‍ നിക്കോളോവോസ് മെത്രാേ
Monday, September 8, 2014 8:48 AM IST
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയെ കത്തീഡ്രലായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഭദ്രാസന മെത്രാപോലീത്താ സഖറിയ മാര്‍ നിക്കോളോവോസ്.

ഭദ്രാസനത്തില്‍ നിന്ന് പ്രഖ്യാപിക്കുന്ന പ്രഥമ കത്തീഡ്രലാണിതെന്ന് നിലയില്‍ വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ഒരു ദേവാലയത്തെ കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കണമെങ്കില്‍ അതിന് പ്രത്യേകമായ മാനദണ്ഡമുണ്ട്. കൃത്യമായ അനുഷ്ഠാനങ്ങളുണ്ട്. പുതുതായി പണി കഴിപ്പിച്ച് കൂദാശ ചെയ്യുന്നതുകൊണ്ട് മാത്രം ഒരു ദേവാലയത്തെ കത്തീഡ്രല്‍ ആയി ഉയര്‍ത്താനാവില്ല. സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക കൂദാശ ചെയ്യപ്പെട്ടെങ്കിലും കത്തീഡ്രലായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഭദ്രാസന മെത്രാപോലീത്താ ഈ ദേവാലയത്തെ കത്തീഡ്രല്‍ ആയി പ്രസ്താവിച്ചുവെന്നും ഇത്തരത്തിലുളള ആദ്യത്തെ കത്തീഡ്രല്‍ ആണെന്നുമുളള തെറ്റായ വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് മാര്‍ നിക്കോളോവോസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍