സിസ്റര്‍ മേഴ്സി ജേക്കബ് കടപ്ളാക്കല്‍ രണ്ടാം തവണയും എസ്ജെടി സുപ്പീരിയര്‍ ജനറല്‍
Tuesday, September 9, 2014 8:35 AM IST
ന്യൂജേഴ്സി: സിസ്റര്‍ മേഴ്സി ജേക്കബ് കടപ്ളാക്കല്‍ (എസ്ജെടി) രണ്ടാം തവണയും സെന്റ് ജോസഫ് ഓഫ് റ്റാര്‍ബ്സ് സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു.

ഫ്രാന്‍സിലെ സഭാ ആസ്ഥാനത്ത് കാന്റൌസില്‍ (രമിീൌ) ഓഗസ്റില്‍ നടന്ന ജനറല്‍ ചാപ്റ്ററിലാണ് മലയാളികള്‍ക്ക് പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഈ നിയമനം നടന്നത്. ആറു വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ആറു വര്‍ഷമായി കൃത്യനിഷ്ഠയോടും ഉത്തരവാദിത്വത്തോടെയും സുപ്പീരിയര്‍ ജനറലുടെ ചുമതല നിര്‍വഹിച്ച് എല്ലാവരുടെയും അംഗീകാരമേറ്റുവാങ്ങിയ സിസ്റര്‍ പുതിയ നിയമനം ദൈവനിയോഗമായി കാണുന്നു.

ആറ് വര്‍ഷം അസി. സുപ്പീരിയര്‍ ജനറലായി സേവനം ചെയ്തതിനുശേഷമാണ് സുപ്പീരിയര്‍ ജനറലായി സിസ്റര്‍ ആദ്യ തവണ 2008ല്‍ നിയമിക്കപ്പെട്ടത്. മൈസൂര്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ (ഒമ്പതു വര്‍ഷം) തുടങ്ങി വ്യത്യസ്ത പദവികളില്‍ സിസ്റര്‍ മേഴ്സിയുടെ സേവനം കോണ്‍ഗ്രിഗേഷന് ലഭ്യമായിട്ടുണ്ട്. അഡ്വക്കേറ്റെന്ന നിലയില്‍ ബാംഗളൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉപദേഷ്ടാവായും സിസ്റര്‍ മേഴ്സി സേവനം ചെയ്തു. ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ യൂറോപ്യന്‍ ഭാഷകളും മലയാളം തമിഴ്, കന്നഡ ഭാഷകളും സിസ്റര്‍ മേഴ്സിക്ക് നന്നായി വഴങ്ങും.

തെക്കന്‍ ഫ്രാന്‍സിലെ റ്റാര്‍ബസ് ലൂര്‍ദസ് ഡയോസിസില്‍ കാന്റൌസ് എന്ന ചെറുഗ്രാമത്തിലെ ആറ് പെണ്‍കുട്ടികളാല്‍ സ്ഥാപിതമായ ഈ സന്യാസസമൂഹം ഇന്ന് നാല് ഭൂഖണ്ഡങ്ങളിലായി 720 സിസ്റേഴ്സിന്റെ കൂട്ടായ്മയായി വളര്‍ന്നിരിക്കുന്നു. യൂറോപ്പില്‍ ഫ്രാന്‍സ്, ഇംഗ്ളണ്ട്, ഓസ്ട്രിയ, സ്പെയിന്‍, ഏഷ്യയില്‍ ഇന്ത്യ, ലാറ്റിന്‍ അമേരിക്കയില്‍ കൊളംബിയ, വെനിസ്വേല, പെറു, ബ്രസീല്‍, ഉഗാന്‍ഡ, കോംഗോ എന്നിവിടങ്ങളില്‍ ഈ സന്യാസസമൂഹത്തിലെ സിസ്റേഴ്സ് പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യസേവനം, പാസ്ററല്‍ സേവനം മുതലായവയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് സിസ്റേഴ്സ് ശുശ്രൂഷ ചെയ്യുന്നു. ദാരിദ്യ്രം, അംഗവൈകല്യം, മാനസിക രോഗം, കുഷ്ഠരോഗം, എച്ച്ഐവി മദ്യം, മയക്കുമരുന്ന് മുതലായവയ്ക്ക് അടിമപ്പെട്ടവര്‍, സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവയും ഇവിടെ ശുശ്രൂഷ മേഖലകളില്‍ എടുത്തു പറയത്തക്കവയാണ്.

ഇതോടൊപ്പം സ്ത്രീശാക്തീകരണം, ദളിത് ഗോത്രവര്‍ഗക്കാരുടെ ഉന്നമനം എന്നിവയ്ക്കുവേണ്ടിയും ഇന്ത്യയിലും ആഫ്രിക്കയിലും ഈ സന്യാസ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നിലവിലെ മിനിസ്ട്രിയില്‍ ഉണര്‍വ് കൊണ്ടുവരുന്നതടക്കം പല പദ്ധതികളും ആശയങ്ങളും ഇത്തവണ നടന്ന ചാപ്റ്റര്‍, സേവനമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും യുവജനങ്ങളുടെയും സ്വഭാവ രൂപവല്‍കരണം, പരിശുദ്ധ പിതാവിന്റെ പ്രബോധനത്തോട് ചേര്‍ന്നുനിന്നു കൊണ്ട് ലോകസുവിശേഷവത്കരണത്തിനായി ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുക, നിലവിലുള്ള സേവന മേഖലകളില്‍ പുതുമ കൊണ്ടുവരിക മുതയായവ ഇവയില്‍ ചിലത് മാത്രം.

പാലാ തീക്കോയിയില്‍ നിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറിപാര്‍ത്ത ചിന്നാര്‍, കരുന്തരുവിയില്‍ താമസിക്കുന്ന കടപ്ളാക്കല്‍ ചാക്കോച്ചന്റെയും പെണ്ണമ്മയുടെയും പത്ത് മക്കളില്‍ മൂത്തമകളാണ് സിസ്റര്‍ മേഴ്സി ജേക്കബ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍