ജില്ലി വി. സാമുവല്‍ ഐഎപിസി നാഷണല്‍ കമ്മിറ്റി മെംബര്‍
Wednesday, September 10, 2014 7:23 AM IST
ന്യൂയോര്‍ക്ക് : ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് (ഐഎപിസി) ദേശീയ കമ്മിറ്റി അംഗമായി ജില്ലി വി. സാമുവേലിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് അജയ് ഘോഷ്, ജനറല്‍ സെക്രട്ടറി വിനീത നായര്‍ എന്നിവര്‍ അറിയിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തക ജില്ലി വി. സാമുവല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അമേരിക്കന്‍ ടിവി മേഖലയിലെ നിറ സാന്നിധ്യമാണ്. മലയാളം ടിവിയുടെ സീനിയര്‍ എഡിറ്റര്‍, പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലേക്ക് വരും മുമ്പ് മുംബൈയില്‍ ടിവി മീഡിയയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ജില്ലി.

ജബല്‍പൂരിലെ റാണി ദുര്‍ഗാവതി വിശ്വ വിദ്യാലയയില്‍ നിന്നുള്ള ബിരുദപഠനത്തിനുശേഷം പൂനെ സിംബയോസിസ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും കമ്യൂണിക്കേഷന്‍ ജേര്‍ണലിസത്തില്‍ മാസ്റ്റേഴ്സ് ബിരുദമെടുത്തു. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരണമായ പൂനെ ടൈംസില്‍ ജേര്‍ണലിസ്റായിട്ടായിരുന്നു തൊഴില്‍ രംഗത്ത് തുടക്കം. തുടര്‍ന്ന് ഡിഡി വണ്‍, എംടിവി, സീടിവി, സ്റാര്‍ പ്ളസ് മുതലായ പ്രമുഖ ടിവി ചാനലുകളില്‍ പ്രൊഡ്യൂസര്‍, അസി. ഡയറക്ടര്‍, റിസര്‍ച്ചര്‍, എഡിറ്റര്‍, കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവിധ ടിവി ഷോകളുടെ ആശയ രൂപീകരണം മുതല്‍ പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ് പ്രൊഡക്ഷന്‍ ജോലികളും ഷൂട്ട് സൂപ്പര്‍ വിഷനുകള്‍ക്കും മേല്‍നോട്ടം വഹിക്കുകയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും സോഫ്റ്റ് വെയറിന്റെയും മാര്‍ക്കറ്റിംഗും സെയില്‍സിലും വിവിധ പ്രക്ഷേപണ ചാനലുകള്‍ക്കുവേണ്ടി പ്ളാനിംഗ് മീറ്റിംഗുകളും നടത്തുകയും ചെയ്തു.

സ്റാര്‍ പ്ളസില്‍ ടെലികാസ്റ് ചെയ്ത ടൈംലസ് ഇന്ത്യ എന്ന 60 മിനിറ്റ് ദൈര്‍ഘ്യം ഉള്ള മിലനിയം സീരിയല്‍, ഡിഡി വണ്ണില്‍ ടെലികാസ്റ് ചെയ്ത ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ ഹെറിറ്റേജ് എന്ന പ്രോഗ്രാം, ഡിഡി വണ്ണില്‍ ടെലികാസ്റ് ചെയ്ത സുരഭി പ്രോഗ്രാമിന്റെ 200 ലധികം എപ്പിസോഡുകള്‍ മുതലായവയിലെ എഡിറ്റിംഗ് ജോലികള്‍ ജില്ലിയുടെ ഔദ്യോഗിക ജീവിതത്തിലെ മികവുകളാണ്.

സൊഹെയ്ല്‍ തതാറി സംവിധനം ചെയ്ത ഗുജറാത്ത് ഗ്യാസ് എന്ന പേരിലുള്ള 30 മിനിറ്റ് കോര്‍പ്പറേറ്റ് ഫിലിമിന്റെ അസി. ഡയറക്ടര്‍, ഫിലിം ഡിവിഷനു വേണ്ടി അജിത്ത് സിംഹ സംവിധാനം ചെയ്ത 120 മിനിറ്റ് ദൈര്‍ഘ്യം ഉള്ള മാസ്റര്‍ നിജി എന്ന ചിത്രത്തിന്റെ വീഡിയോ എഡിറ്റര്‍ മുതലായ പദവികളും ജില്ലിയുടെ ഫ്രീലാന്‍സ് ജേണലിസത്തിലെ മികവ് വിളിച്ചറിയിക്കുന്നു.

മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ജില്ലി ജനിച്ചു വളര്‍ന്നത്. പതിനാലും എട്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് ന്യൂജേഴ്സി നിവാസിയായ ഈ മാധ്യമപ്രവര്‍ത്തക.

ജില്ലി ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന് ഒരു വരദാനമാണെന്നും എല്ലാവിധ ഭാവുകങ്ങള്‍ അര്‍പ്പിക്കുന്നതായും പ്രസിഡന്റ് അജയ് ഘോഷ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ബ്ളെസന്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി വിനീത നായര്‍, ട്രഷറര്‍ രാജശ്രീ പിന്റൊ, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി ജയിന്‍ മാത്യു മുണ്ടയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.