വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡാളസ് പ്രോവിന്‍സിന്റെ ഓണാഘോഷം ഗൃഹതുരത്വമുണര്‍ത്തി
Friday, September 12, 2014 4:24 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡാളസ് പ്രോവിന്‍സ് ഡി.എഫ്.ഡബ്ള്യു പ്രോവിന്‍സിന്റെ സഹകരണത്തോടെ ഗാര്‍ലന്റില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭവും ഗൃഹാതുരത്വമുണര്‍ത്തുന്നതുമായിരുന്നു.

ചടങ്ങില്‍ മുഖ്യാതിഥികളായി ഡോ. എം.വി. പിള്ളയും മിനി പിള്ളയും പങ്കെടുത്തു ആശംസകള്‍ അറിയിച്ചു.ഡബ്ള്യു.എം.സി അമേരിക്കന്‍ റീജിയന്‍ നേതാക്കളായ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, വൈസ് പ്രസിഡന്റ് പി.സി. മാത്യു, ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്സാണ്ടര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

രാവിലെ 10.30-ന് സുധാ രാമകൃഷ്ണന്‍ ആലപിച്ച ഭക്തിഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. പ്രോവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യുവിന്റെ സ്വാഗത പ്രസംഗത്തില്‍ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമായി അമേരിക്കയില്‍ എന്നും ഓണാഘോഷങ്ങള്‍ നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുകയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഡോ. എം.വി. പിള്ള ഭദ്രദീപം കൊളുത്തി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രോവിന്‍സ് സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ മുഖ്യാതിഥിയെ സദസിന് പരിചയപ്പെടുത്തുകയും അമേരിക്കയിലെ മലയാളികള്‍ക്ക് സുപരിചിതനും വാഗ്മിയുമായ ഡോ. പിള്ളയെ മുഖ്യതിഥിയായി ലഭിച്ചത് ചടങ്ങിന് അനുഗ്രഹപ്രദമാണെന്ന് പറയുകയും ചെയ്തു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ലോകമെമ്പാടും ചെയ്തുകൊണ്ടിരിക്കുന്ന ചാരിറ്റി പദ്ധതികളെക്കുറിച്ച് ചെയര്‍മാന്‍ ഫിലിപ്പ് തോമസ് വിശദമായി സദസിന് വിവരിച്ചുകൊടുത്തു. ഇരുനൂറിലധികം കുട്ടികള്‍ക്ക് ചെന്നൈയില്‍ നടത്തുവാന്‍ പോകുന്ന ഹൃദയശസ്ത്രക്രിയാ പദ്ധതിയുടെ വിജയത്തിനായി ഏവരുടേയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചത് ഹൃദയസ്പര്‍ശിയായി. മേഘ്നാ സുരേഷ്, ഗൌരി നായര്‍, നികിത മേനോന്‍ എന്നിവര്‍ നടത്തിയ മോഹിനിയാട്ടവും, നികിതാ വികാസിന്റെ ഭരതനാട്യം, സന്തോഷിന്റേയും നേഥന്‍ തോമസിന്റേയും, തോമസിന്റേയും സോളോ സംഗീതങ്ങള്‍ സദസിന് മാധുര്യം പകര്‍ന്നു.

ചടങ്ങില്‍ നികിതാ വികാസിനെ ഡബ്ള്യു.എം.സി ഡാളസ് പ്രോവിന്‍സിനുവേണ്ടി പി.സി മാത്യു റെക്കഗ്നേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഭരതനാട്യത്തിലുള്ള പ്രാവീണ്യം കണക്കിലെടുത്താണ് അംഗീകാരം നല്‍കിയത്. രോഹിത് ഹരിദാസിന്റേയും പ്രമോദ് കാര്‍ത്തിക്കിന്റേയും ഡ്യൂയറ്റ് മനോഹരമായി.

നിമ്മി തോമസിന്റേയും രോഹിത് നായരുടേയും മാസ്റര്‍ ഓഫ് സെറിമണി പരിപാടികള്‍ക്ക് കൊഴുപ്പേകി. ഡി.എഫ് ഡബ്ള്യു പ്രോവിന്‍സിനെ പ്രതിനിധീകരിച്ച് ഷാജി രാമപുരം, സുജിത് തങ്കപ്പന്‍, ഏലിക്കുട്ടി ഫ്രാന്‍സീസ് എന്നിവരും പരിപാടികളില്‍ പങ്കെടുത്ത് ഓണാശംസകള്‍ നേര്‍ന്നു.

മുന്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ പ്രമോദ് നായര്‍, മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ വര്‍ഗീസ് അലക്സാണ്ടര്‍, ഫിലിപ്പോസ് തോമസ്, സജി നായര്‍, ഡോ. വികാസ് നെടുമ്പള്ളില്‍ എന്നീ ഡബ്ള്യു.എം.സി നേതാക്കള്‍ ചടങ്ങില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം