ന്യൂജേഴ്സിയെ ആവേശഭരിതമാക്കുവാന്‍ ഒരു സംഘടന കൂടി
Friday, September 12, 2014 7:11 AM IST
ന്യൂജേഴ്സി: സംസ്കാരവും പാരമ്പര്യവും തനിമയും ഒപ്പം ഐക്യമത്യത്തിന്റെ ആവേശവും പ്രസരിപ്പുകൊണ്ട് ന്യൂജേഴ്സിയുടെ വളക്കൂറുളള മണ്ണില്‍ ഒരു സംഘടനകൂടി പിറവിയെടുക്കുന്നു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെന്‍ട്രല്‍ ജേഴ്സിയിലാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി രൂപമെടുക്കുക. ന്യൂജേഴ്സിയിലുളള എല്ലാ ഇന്ത്യാക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സംഘടനാ ശക്തി ഏതെങ്കിലുമൊരു വിഭാഗത്തിന്റേതല്ല, മറിച്ച് എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ പോലെ പ്രാബല്യമാണ് എന്ന് തത്വത്തിലൂന്നിയ ഒരു സാംസ്കാരിക സമന്വയമാണ് പിറവിയെടുക്കുന്നത്.

അമേരിക്കയിലെ പ്രഫഷണല്‍ ഓര്‍ഗനൈസേഷനുകളിലും സാംസ്കാരിക സംഘടനകളിലൂടെ മാധ്യമ പ്രസ്ഥാനങ്ങളിലും കഴിവുകള്‍ തെളിയിച്ച ഒരുപറ്റം യുവനേതാക്കളാണ് ഈ പുതിയ സാംസ്കാരിക മൂവ്മെന്റിന് ചുക്കാന്‍ പിടിക്കുന്നത്.

നാട്ടുകാരും കൂട്ടുകാരും എന്ന ആപ്തവാക്യം സംഘടനയെ മുന്നോട്ട് നയിക്കും. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ സംഘടനാ പാടവവും പ്രവര്‍ത്തന പരിചയവും പരമാവധി ഉപയോഗപ്പെടുത്തി. ജനങ്ങള്‍ക്ക് പ്രയോജന മുളവാക്കുന്നതാണ് പുതിയ സംഘടന എന്നാണ് സംഘാടകര്‍ വിഭാവനം ചെയ്യുന്നത്.

ക്ഷണിക്കപ്പെട്ട ഒരു സദസിന് മുമ്പില്‍, ഗാന്ധി ജയന്തി ആഘോഷിക്കപ്പെടുന്ന വേളയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ന്യൂജേഴ്സിയിലെ ഏറ്റവും പുതിയ സംഘടനയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍