ഇന്തോ -അമേരിക്കന്‍ പ്രസ് ക്ളബ് പ്രവാസി മാധ്യമപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംഘടന: ജിന്‍സ്മോന്‍ സഖറിയ
Saturday, September 13, 2014 4:32 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രവാസി മാധ്യമപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്ന പ്രഥമ ലക്ഷ്യവുമായാണ് ഇന്തോ -അമേരിക്കന്‍ പ്രസ് ക്ളബ് രൂപീകരിച്ചത്. പ്രവാസ ലോകത്ത് വിപരീത സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അവരുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം മെച്ചപ്പെടുത്തുകയാണ് ഇന്‍ഡോ-അമേരിക്കന്‍ പ്രസ്ക്ളബുകൊണ്ടു ലക്ഷ്യമിടുന്നതെന്നും, ഇതിനുള്ള ശക്തമായ നേതൃത്വവും വ്യക്തമായ ലക്ഷ്യവും ഈ സംഘടനയ്ക്കുണ്െടന്നും ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ളബ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ പറഞ്ഞു.

മണിക്കൂറുകളെ ഡോളറുകളുമായി തുലനം ചെയ്യുന്ന പ്രവാസികള്‍ക്കിടയില്‍ ഒരു സാമൂഹ്യസേവനം പോലെ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ചരമവാര്‍ത്ത എഴുതുന്നവര്‍ എന്ന് ആക്ഷേപിച്ച് മാറ്റിനിര്‍ത്തുന്നതു ശരിയല്ല. വിവിധ മേഖലകളിലുള്ള എല്ലാവരെയും ഒരുമിപ്പിച്ചാല്‍പ്പോലും മൂന്നക്കം തികയാത്ത മാധ്യമപ്രവര്‍ത്തകരെ മുഖ്യധാരമാധ്യമങ്ങളുമായി ബന്ധിപ്പിച്ച് പ്രവാസസമൂഹത്തിനു പ്രയോജനകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു സംഘടന അനിവാര്യമാണ്.

ഇന്തോ -അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയും മലയാളികളുടെ സംസ്ക്കാരവും തനതായ പാരമ്പര്യവും പുതിയ തലമുറയിലേക്കു പകര്‍ന്നുനല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നവരാണ്. എന്തു പ്രതിസന്ധിയുണ്ടായാലും അവഗണിച്ചു നിര്‍ത്തിയിരുന്ന കഴിവുള്ള ഈ മാധ്യമപ്രവര്‍ത്തകരെ മുഖ്യധാരാ മാധ്യമങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ പ്രവര്‍ത്തന സാഹചര്യം മെച്ചപ്പെടുത്തിക്കൊണ്ട് ദൃശ്യ, അച്ചടി, ഓണ്‍ലൈന്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരെ അംഗീകരിക്കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും ആവശ്യമായ ശക്തമായ നടപടികളുമായി ഇന്തോ -അമേരിക്കന്‍ പ്രസ്ക്ളബ് മുന്നോട്ടു പോകുമെന്നും അദ്ദേഹം ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍