ഷിക്കാഗോ രൂപതയില്‍ മതാധ്യാപക സെമിനാറുകള്‍
Monday, September 15, 2014 3:57 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ മൂന്നുമാസം ദീര്‍ഘിക്കുന്ന മതാധ്യാപക സെമിനാര്‍ പരമ്പര ആരംഭിച്ചു. പതിനെട്ട് ഇടവകകളില്‍ മൂന്നുദിവസം വീതം നടക്കുന്ന സെമിനാറുകള്‍ക്ക് പ്രസിദ്ധ വിശ്വാസ പരിശീലക വിദഗ്ധരായ റവ. ഡോ. മാത്യു ചൂരപ്പന്തിയില്‍ ഒസിഡി, റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.

റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് എറണാകുളം- അങ്കമാലി അതിരൂതാ വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടറാണ്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും അറിയപ്പെടുന്ന ആത്മീയ ചിന്തകനും പ്രഭാഷകനുമാണ് ഡോ. ജിമ്മി. വളരുന്ന തലമുറയ്ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിനും വിശ്വാസ പരിശീലനം നല്‍കുന്നതിനും സഹായമായ വിധമുള്ള ക്ളാസുകളാണ് വിവിധ പള്ളികളില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമായി ക്രമീകരിച്ചിരിക്കുന്നത്. റവ.ഡോ. മാത്യു ചൂരപ്പന്തിയില്‍ ബാംഗളൂര്‍ കര്‍മ്മലാരം തിയോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രഫസറാണ്. അമേരിക്കയില്‍ നിന്നും വിശ്വാസപരിശീലന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി, ഇന്ത്യാനയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് ഡോ. മാത്യു. വിശ്വാസ പരിശീലനം അമേരിക്കന്‍ പശ്ചാത്തലത്തില്‍ എന്നതാണ് അദ്ദേഹം അവതരിപ്പിക്കുന്ന മുഖ്യ പ്രമേയം.

താഴെപ്പറയുന്ന സ്ഥലങ്ങളിലാണ് സെമിനാറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ജോണ്‍ പോള്‍ സെക്കന്‍ഡ് മിഷന്‍ ഗാര്‍ഫീല്‍ഡ് (സെപ്റ്റംബര്‍ 6,7,8), സെന്റ് ജോസഫ് ഹൂസ്റണ്‍ (സെപ്റ്റംബര്‍ 13,14,15) , സെന്റ് തോമസ് ഫിലാഡല്‍ഫിയ (13,14,15), സെന്റ് തോമസ് സോമര്‍സെറ്റ് (സെപ്റ്റംബര്‍ 20,21,22), സെന്റ് തോമസ് ഡിട്രോയിറ്റ് (സെപ്റ്റംബര്‍ 20,21,22), സെന്റ് തോമസ് സാന്‍ഹൊസെ (സെപ്റ്റംബര്‍ 28), സേക്രഡ് ഹാര്‍ട്ട് മേയ്വുഡ് (സെപ്റ്റംബര്‍ 28), സെന്റ് തോമസ് ബ്രോങ്ക്സ് (ഒക്ടോബര്‍ 3,4,5), ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കോറല്‍സ്പ്രിംഗ് (ഒക്ടോബര്‍ 3,4,5), സെന്റ് തോമസ് ഗാര്‍ലന്റ് (ഒക്ടോബര്‍ 10,11,12), ഹോളിഫാമിലി ഫീനിക്സ് (ഒക്ടോബര്‍ 17,18,19), സേക്രഡ് ഹാര്‍ട്ട് ടാമ്പാ (ഒക്ടോബര്‍ 24,25,26), സെന്റ് തോമസ് സാന്റാ അന്ന (ഒക്ടോബര്‍ 31, നവംബര്‍ 1,2), സെന്റ് തോമസ് സാന്‍ഫ്രാന്‍സിസ്കോ (നവംബര്‍ 7,8,9), സെന്റ് മേരീസ് മോര്‍ട്ടന്‍ഗ്രോവ് (നവംബര്‍ 14,15,16), സേക്രഡ് ഹാര്‍ട്ട് മേയ്വുഡ് (നവംബര്‍ 21,22,23), മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ബല്‍വുഡ് (നവംബര്‍ 28,29,30), സെന്റ് അല്‍ഫോന്‍സാ അറ്റ്ലാന്റാ (ഡിസംബര്‍ 5,6,7).

ഷിക്കാഗോ രൂപതയുടെ മതബോധന രംഗത്ത് പുതിയ ഉണര്‍വ് ഈ സെമിനാറിലൂടെ കൈവരും. ഇപ്പോള്‍ രൂപതയില്‍ 8227 വിദ്യാര്‍ഥികളും 1314 മതാധ്യാപകരുമുണ്ട്. മതബോധന ഡയറക്ടര്‍ ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം