കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ളണ്ട് (കെയിന്‍) ഓണാഘോഷം ഗംഭീരമായി
Tuesday, September 16, 2014 5:16 AM IST
ന്യൂഇംഗ്ളണ്ട്: മലയാളിയും മാവേലിയും തമ്മിലുള്ള ബന്ധത്തിന് പുതുജീവന്‍ നല്‍കുന്ന ഓണാഘോഷം ന്യൂ ഇംഗ്ളണ്ട് മലയാളികള്‍ക്ക് ഒത്തുചേരലിന്റേയും സൌഹൃദം പുതുക്കലിന്റേയും വേദിയായി. പതിനെട്ടോളം വിഭവങ്ങളോടെയുള്ള ഓണസദ്യ തയാറാക്കിയതും, അത് തൂശനിലയില്‍ തന്നെ വിളമ്പിയതും മറുനാടന്‍ മലയാളി മനസിന്റെ ഐക്യത്തിന്റെ മാതൃകയാണെന്ന് ഓണസന്ദേശം നല്‍കിയ മുഖ്യാതിഥി ഡോ. ഏബ്രഹാം വര്‍ഗീസ് എടുത്തു പറഞ്ഞു.

2014 സെപ്റ്റംബര്‍ ആറിന് രാവിലെ 9 മണിക്ക് പൂക്കളം സജ്ജീകരിച്ചതോടെ ആരംഭിച്ച പരിപാടികള്‍ സമാപിച്ചത് രാത്രി 7 മണിക്കായിരുന്നു. മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ ആഗമനം, അതിനു ചന്തമേകിയ കൊച്ചുമാവേലിയുടെ സാന്നിധ്യം, മലയാളത്തനിമയുള്ള വേഷവിധാനത്തോടെയുള്ള മലയാളി മങ്കമാരുടെ താലപ്പൊലി എന്നിവയെല്ലാം പഴയ തലമുറയോടൊപ്പം പുതു തലമുറയ്ക്കും ആസ്വാദ്യമായി. ഓണാഘോഷം ഔദ്യോഗികമായി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് പ്രഥമ വനിത ശ്രീമതി നിഷാ മാത്യു ജോര്‍ജ് ആയിരുന്നു. ഏകദേശം മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ഓണസദ്യയ്ക്കും, തലേരാത്രിയിലെ പാചകത്തിനും മറ്റും നേതൃത്വം നല്‍കിയത് വൈദ്യനാഥ അയ്യര്‍, പ്രദാസ്, ശ്രീജ, സിബു, ബാബു, മാത്യു എന്നിവരായിരുന്നു. റോസിലി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കെയിന്‍ അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര, ഡാന്‍സ് എന്നിവ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. മാവേലിയുടെ എഴുന്നള്ളത്തിനുശേഷം പ്രമുഖ ഗായകന്‍ ഫ്രാങ്കോയുടെ നേതൃത്വത്തില്‍ രാജന്‍ ചീരന്‍ 'മിത്ര'യുടെ ബാനറില്‍ അണിയിച്ചൊരുക്കിയ ഗാനമേള, ഡാന്‍സുകള്‍, സ്കിറ്റുകള്‍ തുടങ്ങിയവ രണ്ടു മണിക്കൂറോളം വേദിയെ സജീവമാക്കി. ബിസിനസ് സമ്മേളനത്തിനിടയ്ക്ക് അടുത്ത രണ്ടുവര്‍ഷത്തേക്ക് പ്രകാശ് നെല്ലൂര്‍വളപ്പിലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കെയിന്‍ പ്രസിഡന്റ് മാത്യു ജോര്‍ജ് (റെജി), സെക്രട്ടറി റിജോള്‍സണ്‍ വര്‍ഗീസ്, അനു കോശി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുര്യാക്കോസ് മണിയാട്ടുകുടിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം