വര്‍ണ്ണവിസ്മയമൊരുക്കി സ്റാറ്റന്‍ഐലന്റില്‍ തിരുവോണം ആഘോഷിച്ചു
Tuesday, September 16, 2014 5:16 AM IST
ന്യൂയോര്‍ക്ക്: ഗൃഹതുരത്വമുണര്‍ത്തിയ തിരുവോണാഘോഷങ്ങളും വര്‍ണ്ണവൈവിധ്യമാര്‍ന്ന കലാവിരുന്നുകളും സമന്വയിച്ച് നടന്ന സ്റാറ്റന്‍ഐലന്റിലെ ഓണാഘോഷത്തില്‍ മുഴുവന്‍ മലയാളി സമൂഹവും ഉത്സവത്തിമര്‍പ്പോടെ പങ്കുചേര്‍ന്നു. സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 31-ന് മൌണ്ട് കാര്‍മല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട ആഘോഷപരിപാടികളില്‍ സാമൂഹ്യ-സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് 12 മണിക്ക് തനി കേരളീയ മാതൃകയില്‍ തൂശനിലയില്‍ വിളമ്പിയ ഓണാഘോഷ സദ്യയോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഫുഡ് കോര്‍ഡിനേറ്റര്‍ പുഷ്പ മൈലപ്രയുടെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ വോളണ്ടിയേഴ്സ് നാനൂറില്‍പ്പരം ആളുകള്‍ക്ക് തിരുവോണ സദ്യയുടെ രുചി പകര്‍ന്നു. ഫോമയുടെ നിയുക്ത പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സ്വാമി ബോധി തീര്‍ത്ഥാനന്ദ (വര്‍ക്കല), റവ.ഫാ. അലക്സ് കെ. ജോയി,ഫാ. ജോ കാരിക്കുന്നേല്‍, ജോയിക്കുട്ടി ജോര്‍ജ് (കേരള സമാജം പ്രസിഡന്റ്) എന്നിവരായിരുന്നു വിശിഷ്ടാതിഥികള്‍. കേരളീയ വേഷത്തിലെത്തിയ തരുണീമണികള്‍ ഒരുക്കിയ താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മഹാബലിയേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു. തിരുവാതിരകളിക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എസ്.എസ് പ്രകാശ് അധ്യക്ഷതവഹിച്ചു.

ഓണാഘോഷ കോര്‍ഡിനേറ്റര്‍ റെജി വര്‍ഗീസ് നേതൃത്വം നല്‍കിയ സമ്മേളനത്തില്‍ സെക്രട്ടറി ജോസ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. വലിയ സമൂഹമായി ഉത്സവങ്ങളും മറ്റും ആഘോഷിച്ചുവന്നിരുന്ന മലയാളി സംസ്കാരം അന്യംനിന്നു പോകുന്നുവോ എന്ന് ആകുലപ്പെടുന്ന ഇക്കാലയളവില്‍ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്നവിധം സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷം ശ്ശാഘനീയമാണെന്നും ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നുവെന്നും സ്വാമി ബോധിതീര്‍ത്ഥാനന്ദ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും പ്രതീകമായ ഓണം എക്കാലവും നമുക്ക് പ്രചോദനമാകട്ടെ എന്ന് റവ.ഫാ. അലക്സ് കെ. ജോയി പ്രസ്താവിച്ചു. ഫോമയുടെ പുതിയ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട തനിക്ക് ഈ ആഘോഷത്തില്‍ പങ്കുചേരുവാന്‍ ക്ഷണം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞ ആനന്ദന്‍ നിരവേല്‍, 2014- 16 കാലയളവില്‍ ഫോമ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ വിവരിക്കുകയുണ്ടായി. ഫാ. ജോ കാരിക്കുന്നേല്‍, സ്റാന്‍ലി കളത്തില്‍ (ഫോമാ പ്രതിനിധി), ജോയിക്കുട്ടി ജോര്‍ജ് എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.

ഫോമയുടെ നിയുക്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സജീവാംഗവുമായ ഷാജി എഡ്വേര്‍ഡ്, റിച്ച്മണ്ട് കൌണ്ടി ബെസ്റ് ഫാമിലി ലോയര്‍ എന്ന അപൂര്‍വ ബഹുമതിക്കര്‍ഹയായ അസോസിയേഷന്‍ യുവജന പ്രവര്‍ത്തകയായ മഞ്ജു സണ്ണി പ്രിന്‍സ് എന്നിവരെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. റഹ്ന റോഷന്‍ അമേരിക്കന്‍ ദേശീയ ഗാനവും, ശ്യാമളാ പണിക്കര്‍ പ്രാര്‍ത്ഥനാഗാനവും ആലപിച്ചു. അലക്സ് വലിയവീടന്‍ മാവേലിയായി വേഷമിട്ടു. സാമുവേല്‍ കോശി (ജോ. സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി.

ന്യൂജേഴ്സി മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് അണിയിച്ചൊരുക്കിയ “നൃത്തോത്സവ് 2014' അനുപമ റോബിനും, അലക്സാണ്ര്ടാ റോബിനും ചുവടുവെച്ച സെമി ക്ളിസിക്- ഫ്യൂഷന്‍ ഡാന്‍സ്, റഹ്ന റോഷന്റെ നാടോടി നൃത്തം, റോഷിന്‍ മാമ്മന്റെ സംഗീത വിരുന്ന് എന്നിവ ആഘോഷങ്ങള്‍ക്ക് തിളക്കമേകി. ഫ്രെഡ് എഡ്വേര്‍ഡ് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി നടത്തപ്പെട്ട കലാവിരുന്നില്‍ രംഗപടം, ചമയം എന്നിവ തിരുവല്ല ബേബിയും, ഓണപ്പൂക്കളം, ഫോട്ടോഗ്രാഫി എന്നിവ റോഷിന്‍ മാമ്മനും നിര്‍വഹിച്ചു. ബിനോയി തോമസും സംഘവുമായിരുന്നു ലൈറ്റ് ആന്‍ഡ് സൌണ്ട് നല്കിയത്.

ഈവര്‍ഷത്തെ ഓണാഘോഷം അനുഭവവേദ്യമാക്കിയ ഏവരേയും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച റെജി വര്‍ഗീസ് അറിയിച്ചു. എസ്.എസ്. പ്രകാശ് (പ്രസിഡന്റ്), റോഷിന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്), ജോസ് വര്‍ഗീസ് (സെക്രട്ടറി), ബോണിഫസ് ജോര്‍ജ് (ട്രഷറര്‍), സാമുവേല്‍ കോശി (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട 30 അംഗ കമ്മിറ്റി പരിപാടിയുടെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം