അമേരിക്കയില്‍ പ്രകടമാകുന്ന വര്‍ഗീയ വിഭാഗീയത നിര്‍ഭാഗ്യകരം : ജോസഫ് മാര്‍ത്തോമ
Tuesday, September 16, 2014 7:41 AM IST
തിരുവല്ല: അമേരിക്കന്‍ ഐക്യനാടുകളില്‍ അടുത്ത കാലത്ത് പ്രകടമായ വര്‍ഗീയ വിഭാഗീയത വളരെ നിര്‍ഭാഗ്യകരമാണെന്ന് ജോസഫ് മാര്‍ത്തോമ മെത്രാപോലീത്താ അഭിപ്രായപ്പെട്ടു. അക്രമമല്ല സഹനസമര മാര്‍ഗങ്ങളാണ് തങ്ങളുടെ മാര്‍ഗമെന്ന് പ്രഖ്യാപിച്ച മഹാത്മാഗാന്ധിയെ ആദര്‍ശ ധീരനായി കണ്ട മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂണിയറുടെ നാട്ടില്‍ പ്രകടമാകുന്ന വിഭാഗീയതകളെ മുളയില്‍ തന്നെ നുളളി കളയേണ്ടതുണ്ട്.

സെപ്റ്റംബര്‍ 9, 10, 11 തീയതികളില്‍ തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡല യോഗത്തിന്റെ പ്രാരംഭ ദിവസം നടത്തിയ അധ്യക്ഷ പ്രസംഗത്തിലാണ് മെത്രാപോലീത്താ തന്റെ ആശങ്ക പ്രകടമാക്കിയത്.

യുദ്ധങ്ങളും സംഘര്‍ഷങ്ങളും കൊണ്ടു ലോക രാഷ്ട്രീയ അന്തരീക്ഷം ശബ്ദ മുഖരിതമായിരിക്കുന്നു. സമാധാനത്തിലേക്കുളള വഴി സമാധാനത്തിലൂടെയാണെന്ന് തിരിച്ചറിയാത്തവരും, യുദ്ധമാണ് പ്രശ്നപരിഹാരത്തിലേക്കുളള ഏകവഴിയെന്ന് തെറ്റിദ്ധരിക്കുന്നവരും മറ്റുളളവരെ അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവരും യുദ്ധ കൊതിയന്മാരായി മാറുമ്പോള്‍ എത്രയോ നിരപരാധികളുടെ ചോരയാണ് ഭൂമിയില്‍ വീണു കൊണ്ടിരിക്കുന്നത്.

സിറിയായിലും ഇറാക്കിലും ലിബിയായിലും ഉണ്ടായി സംഭവ വികാസങ്ങള്‍ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരും ജീവന്‍ നഷ്ടപ്പെവരും അനേകരാണ്. ജീവനെ നിലനിര്‍ത്തുവാനും പരിപോഷിപ്പിക്കുന്നതിനും ഉത്തരവാദിത്വം ഉളള മതങ്ങളും വിശ്വാസങ്ങളും ജീവന്‍ നശിപ്പിക്കുന്ന വിധം സകല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അപലപനീയമാണ്.

ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ലോക സമാധാനത്തിനു തന്നെ ഇന്ന് ഭീഷണിയായിരിക്കുന്നു. സാധാരണ ജനങ്ങള്‍ താമസിക്കുന്നിടങ്ങളില്‍ പോലും ആക്രമണത്തിനിരയാകുന്നു. ഇസ്രായേലും പാലസ്തീനും പരസ്പരം അംഗീകരിച്ചും ആദരിച്ചും സൌഹൃദത്തിലും ശാന്തിയിലും കഴിയുന്ന നാളുകള്‍ സമാഗതമാകുമെന്ന് പ്രത്യാശിക്കാം. പ്രാദേശിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ദോഷികളായ ജനങ്ങള്‍ സഞ്ചരിച്ചിരുന്ന യാത്രാവിമാനം വിമത വിഭാഗം വെടിവച്ചു വീഴ്ത്തിയ സംഭവം ലോക മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. സമാധാനത്തിന്റേയും സഹകരണത്തിന്റേയും മനോഭാവം രൂപപ്പെടുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് സദ്ബുദ്ധി ഉണ്ടാകുന്നതിന് പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു.

ആദ്യദിന സമ്മേളനത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്സോറ്റം വലിയ മെത്രാപോലീത്ത, മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കതോലിക്കാ ബാവ, സഭയിലെ എപ്പിസ്കോപ്പല്‍മാര്‍, വികാരി ജനറാള്‍മാര്‍ എന്നീ വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍