ഫ്രാന്‍സിസ് മാര്‍പാപ്പ റെയിന്‍ബോ ലൂം ബാന്‍ഡിന്റെ സുഹൃത്തായി
Wednesday, September 17, 2014 8:17 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം വത്തിക്കാനിലും നേയാപ്പിളിലും നടന്ന കുട്ടികളുടെ പരിപാടിയില്‍ റെയിന്‍ബോ ലൂം ബാന്‍ഡ് ധരിച്ചെത്തിയത് ഏവര്‍ക്കും കൌതുകമായി. വലതു കൈത്തണ്ടയില്‍ കെട്ടിയിരുന്ന ബാന്‍ഡ് ഉയര്‍ത്തിക്കാട്ടി കാമറയ്ക്ക് പോസു ചെയ്യാനും മാര്‍പാപ്പ മടി കാണിച്ചില്ല. കുട്ടികളുടെ പരിപാടിയില്‍ പങ്കെടുത്ത മാര്‍പാപ്പാ ഇത്തരം ബാന്‍ഡ് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്തു.

ആധുനിക കാലത്തിലെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ കളിപ്പാട്ടമാണ് റെയിന്‍ബോ ലൂം ബാന്‍ഡ്. എട്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ഇഷ്ട കളിപാട്ടമാണ് റെയിന്‍ബോലൂം ബാന്‍ഡ്. ഇപ്പോള്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും സെലിബ്രിറ്റികളും ഇത് കൈയില്‍ ധരിച്ച് ഫാഷനാക്കിയിരിക്കുന്നു.

അമേരിക്കയിലെ ഡിട്രോയിറ്റിലെ നാല്‍ത്തിരണ്ടുകാരനായ ചിയോംഗ് ചും എന്ന എന്‍ജിനിയറാണ് ഈ ലൂമിന്റെ ഉപജ്ഞാതാവ്.നിസാന്‍ കാര്‍ കമ്പനിയിലെ ക്രാഷ് ടെസ്റ് എന്‍ജിനിയറായ ഇദ്ദേഹം 2010 ല്‍ ക്രാഷ് ടെസ്റിനുവേണ്ടി ഉണ്ടാക്കിയെടുത്ത ഉത്പന്നത്തിന്റെ ഉപയോഗശൂന്യമായ സാധനങ്ങള്‍ ഇദ്ദേഹത്തിന്റെ പെണ്‍മക്കള്‍ കൈയില്‍ ഉടുകയും ഇത് ഒരാഭരണമായി മാറുകയും പിന്നീട് ഇതിന് പ്രചാരം ലഭിക്കുകയുമായിരുന്നു.

റബര്‍, സിലിക്കോണ്‍ എന്നീ പദാര്‍ഥങ്ങള്‍ കൊണ്ടാണ് ലൂം ബാന്‍ഡ് നിര്‍മിക്കുന്നത്. വിവിധ നിറങ്ങളില്‍ നിര്‍മിച്ചെടുത്തപ്പോള്‍ മഴവില്ലിന്റെ പേരും ലഭിച്ചു. കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് ഇദ്ദേഹം 44 മില്യന്‍ ഡോളര്‍ നേടി. വിവിധ നിറത്തിലുള്ള 24 എണ്ണമുള്ള ഒരു പായ്ക്കറ്റിന് 14,99 ഡോളറാണ് കമ്പനി വില.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍