നരേന്ദ്രമോദിക്കു ആതിഥ്യമരുളാന്‍ അമേരിക്കന്‍ സൌന്ദര്യ റാണി
Thursday, September 18, 2014 5:42 AM IST
വാഷിംഗ്ടണ്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് തിളക്കമാര്‍ന്ന വിജയം നേടിക്കൊടുത്ത നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിനുശേഷം ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആഥിത്യമരുളുന്നതിന് നിയോഗം ലഭിച്ചത് 2012 ല്‍ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ യശസ് വാനോളമുയര്‍ത്തിയ നീനാ ദാവുലൂരിയും പിബിഎസ് വാരാന്ത്യ ന്യൂസ് അവറിലൂടെ ഏവര്‍ക്കും സുപരിചനായ ഹരി ശ്രീനിവാസനുമാണ്.

സെപ്റ്റംബര്‍ 28ന് ന്യൂയോര്‍ക്കില്‍ എത്തിച്ചേരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ ഇരുപതിനായിരം ഇന്ത്യക്കാര്‍ പങ്കെടുക്കും. സുപ്രസിദ്ധ മാഡിസണ്‍ സ്ക്വയറിലാണ് പൊതുസ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വീകരണ ചടങ്ങുകളുടെ ചെലവു വഹിക്കുന്നതിന് ആയിരക്കണക്കിന് സ്പോണ്‍സര്‍മാരാണ് മുന്നോട്ട് വന്നിരിക്കുന്നത്. സ്വീകരണ ചടങ്ങിന് പ്രവേശനം സൌജന്യമാണെങ്കിലും പതിനായിരക്കണക്കിനു അപേക്ഷകള്‍ ലഭിച്ചതിനാല്‍ ലോട്ടറിയിലൂടെയാകും പ്രവേശനാര്‍ഥികളെ തെരഞ്ഞെടുക്കുക.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിന്നും എത്തിച്ചേരുന്ന ജനനായകനെ എതിരേല്‍ക്കുന്നതിനും പ്രസംഗം കേള്‍ക്കുന്നതിനും ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതെന്ന് ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ഫൌണ്േടഷന്‍ വക്താവ് ആനന്ദ ഷാ പറഞ്ഞു.

നരേന്ദ്ര മോദിയുടെ സന്ദര്‍ശനം അമേരിക്കയിലുടനീളം ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ പുത്തന്‍ പ്രതീക്ഷകള്‍ പകരുന്ന ഉത്സവ പ്രതീതിയാണുളവാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍