ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിച്ച മൂന്നുദിവസത്തെ തപസുധ്യാനം ഭക്തിനിറവില്‍ നടത്തപ്പെട്ടു
Friday, September 19, 2014 5:14 AM IST
ഷിക്കാഗോ: ആത്മീയവും, ഭൌതീകവുമായ വളര്‍ച്ചയ്ക്ക് തടസ്സമായ പാപശാപ ബന്ധനങ്ങളില്‍ നിന്നും മോചിതരാകുവാന്‍ സഹായിക്കുന്ന മൂന്നുദിവസം താമസിച്ചുകൊണ്ടു നടത്തിയ ഉപവാസധ്യാനം ഭക്തിനിര്‍ഭരമായും, വിജയകരമായും നടത്തപ്പെട്ടു.

ഷിക്കാഗോയിലെ ടെക്നി ടവേഴ്സ് കോണ്‍ഫറന്‍സ് ആന്‍ഡ് റിട്രീറ്റ് സെന്ററില്‍ വെച്ച് സെപ്റ്റംബര്‍ 12-ന് വെള്ളിയാഴ്ച രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ധ്യാനം 14-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ സമാപിച്ചു.

ആരംഭത്തില്‍ നടത്തിയ വി. കുര്‍ബാനയ്ക്ക് ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയും നിയുക്ത മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മികത്വം വഹിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു.

ഗുഡ്ന്യൂസ് ധ്യനങ്ങളിലൂടെ കേരളത്തില്‍ കുടക്കച്ചിറയിലും ഇപ്പോള്‍ പാമ്പാടിയിലുമുള്ള ഗുഡ്ന്യൂസ് ധ്യാന കേന്ദ്രത്തിലൂടെയും പതിനായിരങ്ങള്‍ക്ക് ആത്മീയ കൃപയുടെ വഴി തുറന്നുകൊണ്ടിരിക്കുന്ന പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലാണ് ഈ ഉപവാസധ്യാനത്തിന് നേതൃത്വം നല്കിയത്.

ആന്ധ്രാപ്രദേശില്‍ വെച്ച് വര്‍ഗീയ കലാപകാരികള്‍ മര്‍ദ്ദിച്ച് മൃതപ്രായനാക്കി, മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ തള്ളിയ ജോസഫ് അച്ചനെ ദൈവം കൈപിടിച്ചുയര്‍ത്തി, അനേകായിരങ്ങളെ ദൈവസ്നേഹത്തിലേക്ക് നയിക്കുന്ന ശക്തമായ ഉപകരണമാക്കി മാറ്റി.

നിരവധി പേര്‍ പങ്കെടുത്ത ഭക്ഷണം വെടിഞ്ഞുള്ള ഈ ധ്യാനത്തിന് പി.ഡി തോമസ് (വക്കച്ചന്‍ പുതുക്കുളം), ആന്റണി ആലുംപറമ്പില്‍, ലില്ലി തച്ചില്‍, മിനി നെടുംങ്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം