എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ ഓണാഘോഷം
Saturday, September 20, 2014 5:09 AM IST
എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ഓണാഘോഷങ്ങള്‍ 2014 സെപ്റ്റംബര്‍ 14-ന് ഉച്ചയ്ക്ക് അത്തപ്പൂക്കള മത്സരത്തോടെ തുടങ്ങി. 2012-ല്‍ രൂപംകൊണ്ട മിഷന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു ഓണാഘോഷങ്ങള്‍. മിഷന്റെ ആദ്യ ഡയറക്ടറും വികാരിയുമായ റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഓണാഘോഷങ്ങള്‍. ഇടവകയിലെ എട്ട് കൂട്ടായ്മകളും ഉച്ചയ്ക്ക് 1.30-ന് അത്തപ്പൂക്കളം ഇടാന്‍ ആരംഭിച്ചു. ഓരോ കൂട്ടായ്മയിലെ അംഗങ്ങളും തമ്മിലുള്ള ഐക്യം പ്രകടമായിരുന്നു അത്തപ്പൂക്കള മത്സരത്തില്‍. പൂക്കളമത്സരം 3.30-ന് അവസാനിച്ചു. പുറത്തുനിന്നും പ്രത്യേകം ക്ഷണിച്ച മൂന്നു വിധികര്‍ത്താക്കളായിരുന്നു പൂക്കള മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചത്.

തുടര്‍ന്ന് ആഘോഷമായ കുര്‍ബാനയില്‍ അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്തു. ദിവ്യബലിയെ തുടര്‍ന്ന് നടന്ന വടംവലി മത്സരവും കൂട്ടായ്മ തലത്തിലയിരുന്നു. വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം സെന്റ് അല്‍ഫോന്‍സാ കൂട്ടായ്മയ്ക്കും, രണ്ടാം സമ്മാനം സെന്റ് ജോര്‍ജ് കൂട്ടായ്മയ്ക്കും ലഭിച്ചു.

വടംവലിക്കുശേഷം നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ വിവിധയിനം കലാപരിപാടികള്‍ നടന്നു. സ്വാഗത നൃത്തത്തോടെ തുടങ്ങിയ പരിപാടിയില്‍ തിരുവാതിര, പുലിക്കളി, കര്‍ഷക നൃത്തം, മിമിക്രി, ഓണപ്പാട്ട്, ഫ്യൂഷന്‍ ഡാന്‍സ്, കവിത എന്നിവ കേരളത്തനിമ ഉണര്‍ത്തുന്നവയായിരുന്നു. തുടര്‍ന്ന് വികാരിയച്ചന്‍ പൂക്കളമത്സരത്തിന്റെ വിധി പ്രഖ്യാപിച്ചു. സെന്റ് മേരീസ് കൂട്ടായ്മ ഒന്നാം സ്ഥാനവും ഇമ്മാനുവേല്‍ കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി.

പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് വര്‍ക്കി കളപ്പുരയ്ക്കല്‍ സ്പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫിയും, വടംവലി മത്സരത്തിലെ വിജയികള്‍ക്ക് രദീപ് ജോസ് ഇലഞ്ഞിപ്പള്ളി സ്പോണ്‍സര്‍ ചെയ്ത എവര്‍ റോളിംഗ് ട്രോഫിയും വികാരി ഫാ. ജോണ്‍ കുടിയിരുപ്പില്‍ സമ്മാനിച്ചു. ജിജി പടമാടന്‍ ആയിരുന്നു പ്രോഗ്രാം കോമ്പയര്‍ ചെയ്തത്. തുടര്‍ന്ന് നടന്ന ഓണസദ്യ എല്ലാവരിലും ഗൃഹാതുരത്വമുണര്‍ത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം