ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ ഏഴുമുതല്‍
Wednesday, October 1, 2014 6:31 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വോളിബോള്‍ അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ (ഐവാക്), കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയും പ്രമുഖ വോളിബോള്‍ ക്ളബുകള്‍ക്കുവേണ്ടിയുള്ള ഒന്നാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വോളിബോള്‍ താരമായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം നടത്തുന്ന ടൂര്‍ണമെന്റില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ വൈകുന്നേരം മൂന്നു മുതലും ക്ളബുകള്‍ക്കു വേണ്ടിയുള്ള മത്സരം അഞ്ചിനു ശേഷവും നടത്തുന്നതാണ്. കാണികള്‍ക്ക് സൌജന്യ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ലഭിക്കും. പൂള്‍ 'എ'യില്‍ കേരള സ്പോര്‍ട്സ് അബാസിയ, കുവൈറ്റ് എന്‍ജിനിയേഴ്സ് ക്ളബ്, റോയല്‍ അബാസിയ, എഫ്എഎസ് കുവൈറ്റ് എന്നിവര്‍ പോരാടുമ്പോള്‍ പൂള്‍ 'ബി'യില്‍ ഫ്രന്റ്സ് ഓഫ് സാല്‍മിയ, നേപ്പാള്‍ സ്പോര്‍ട്സ് ക്ളബ്, അല്‍ഘാനിം സെക്യൂരിറ്റീസ്, കുംഗല്‍ സ്പോര്‍ട്സ് ക്ളബ് മാംഗളൂര്‍ എന്നിവര്‍ മത്സരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍