സ്റാറ്റന്‍ ഐലന്‍ഡില്‍ മാര്‍ ജോയ് ആലപ്പാട്ടിന് സ്വീകരണവും തിരുനാള്‍ ആഘോഷവും ഒക്ടോബര്‍ 18, 19 തീയതികളില്‍
Wednesday, October 1, 2014 8:00 AM IST
ന്യൂയോര്‍ക്ക്: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ മാര്‍ ജോയ് ആലപ്പാട്ടിന് സ്റാറ്റന്‍ ഐലന്‍ഡില്‍ സ്വീകരണവും അനുമോദന സമ്മേളനവും നടത്തുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു.

2007 മുതല്‍ സ്റാറ്റന്‍ ഐലന്‍ഡ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ സീറോ മലബാര്‍ ഇടവകയുടെ വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ആലപ്പാട്ട് പിതാവ് 2011 ലാണ് ഷിക്കാഗോ കത്തീഡ്രല്‍ പളളിയുടെ വികാരിയായി സ്ഥലം മാറിപോയത്.

ഒക്ടോബര്‍ 18 ന് (ശനി) വൈകുന്നേരം 4.30 ന് ബേ സ്ട്രീറ്റിലുളള സെന്റ് മേരീസ് പളളിയങ്കണത്തില്‍ എത്തിച്ചേരുന്ന പിതാവിനെ കേരള തനിമയിലുളള താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സ്റാറ്റന്‍ ഐലന്‍ഡിലെ എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളും സാമൂഹിക സംഘടനകളും പങ്കെടുക്കുന്നതാണ്. സ്വീകരണ പരിപാടികള്‍ക്കുശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

19 ന് ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമാശ്ളീഹായുടേയും തിരുനാളും സംയുക്തമായി ബേ സ്ട്രീറ്റിലുളള സെന്റ് മേരീസ് പളളിയില്‍ ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൌഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ആഘോഷിക്കുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ജോയ് ആലപ്പാട്ട് പ്രധാന കാര്‍മികത്വം വഹിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം കൊടികള്‍, മുത്തുക്കുടകള്‍, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നളളിച്ചുകൊണ്ട് നഗരം ചുറ്റിയുളള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും തുടര്‍ന്ന് വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കും.

ആലപ്പുഴ- കുട്ടനാട് സ്വദേശിയും സ്ററ്റന്‍ ഐലന്‍ഡ് ഇടവകാംഗവുമായ പത്തില്‍ ബേബി ആന്റണിയും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് ഒരുക്കമായുളള നവനാള്‍ പ്രാര്‍ഥനയും പരിശുദ്ധ കുര്‍ബാനയുടെ വാഴ്വും തിരുനാളുവരെയുളള എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയോടുകൂടി വൈകുന്നേരം 4.30 ന് നടക്കും.

തിരുനാള്‍ ആഘോഷങ്ങള്‍ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുളള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി പ്രസുദേന്തി ബേബി ആന്റണി 718 983 7003 അറിയിച്ചു. ഈ തിരുനാളില്‍ പങ്കെടുത്ത് ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മധ്യസ്ഥം വഴി കര്‍ത്താവിന്റെ അനുഗ്രഹാശീര്‍വാദങ്ങള്‍ പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മിറ്റിയും വികാരി ഫാ. സിബി വെട്ടിയോലിലും 347 601 0024 അറിയിച്ചു.

റിപ്പോര്‍ട്ട്: ബേബിച്ചന്‍ പൂഞ്ചോല