ഡാളസില്‍ മാര്‍ത്തോമ സന്നദ്ധ സുവിശേഷ സംഘം നവതി ആഘോഷം ഒക്ടോബര്‍ അഞ്ചു മുതല്‍
Friday, October 3, 2014 8:16 AM IST
ഡാളസ്: 90 വര്‍ഷങ്ങള്‍ പിന്നിടുന്ന മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം ലോകത്താകമാനമുള്ള മാര്‍ത്തോമ ദേവാലയങ്ങളില്‍ ഈ വര്‍ഷം വിവിധ തരത്തിലുള്ള നവതി ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു.

ഭാഗ്യസ്മരണിയനായ ഏബ്രഹാം മാര്‍ത്തോമ മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ ഇടയാറന്മുള മൂത്താമ്പാക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ പ്രഥമ സെക്രട്ടറിയായി നവീകരണത്തിന്റെ ശക്തവും ധീരവുമായ ദൂതുമായ് പരിശുദ്ധാത്മ നിറവില്‍ ശക്തി പ്രാപിച്ച് 1924 ല്‍ സ്ഥാപിതമായ പ്രസ്ഥാനമാണ് മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ഒക്ടോബര്‍ അഞ്ചിന് (ഞായര്‍) മുതല്‍ 12 (ഞായര്‍) വരെയുള്ള ദിവസങ്ങളില്‍ നവതി ആഘോഷപരിപാടികള്‍ നടത്തുന്നു.

ഒക്ടോബര്‍ ആറിന് (തിങ്കള്‍) വൈകുന്നേരം ഏഴിന് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകകളിലും എട്ടു മുതല്‍ (ബുധന്‍) വൈകുന്നേരം ഏഴിന് സെഹിയോന്‍ മാര്‍ത്തോമ ഇടവകകളിലും 10ന് (വെള്ളി) വൈകുന്നേരം ഒമ്പതിന് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണിലും 12ന് (ഞായര്‍) വൈകുന്നേരം ആറിന് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകകളിലും നടക്കും.

നവതി ആഘോഷ പരിപാടികളിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഫാ. സാം മാത്യു, സെക്രട്ടറി ഏബ്രഹാം കുളത്തുങ്കല്‍, കണ്‍വീനര്‍ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം