ജോണ്‍പോളിന് സാമൂഹ്യസേവനരംഗത്തെ മികവിന് അവാര്‍ഡ്
Saturday, October 4, 2014 4:39 AM IST
ന്യൂയോര്‍ക്ക്: സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ജോണ്‍ പോളിന് സെനറ്റിന്റെയും കൌണ്ടിയുടെയും അവാര്‍ഡ്. നസാവു കൌണ്ടി ചീഫ് എക്സിക്യൂട്ടീവിന്റെയും ന്യൂയോര്‍ക്ക് സെനറ്ററുടെയും കൌണ്ടിക്ളാര്‍ക്കിന്റെയും കൌണ്ടി അസിസ്റന്റ് എക്സിക്യൂട്ടീവിന്റെയും അവാര്‍ഡുകളാണ് ലഭിച്ചത്. ന്യൂഹെഡ്പാര്‍ക്കില്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മൂന്നു പതിറ്റാണ്ടായി അമേരിക്കയില്‍ സാമൂഹ്യസേവനം നടത്തുന്ന ജോണ്‍പോള്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് കൈത്താങ്ങായിട്ടുള്ളത്. സാമൂഹ്യസേവന രംഗത്ത് വേറിട്ടപാതയിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ സുപരിചിതനാണ്. മുപ്പതു വര്‍ഷം മുമ്പ് അമേരിക്കയിലെത്തിയ ജോണ്‍പോള്‍ വിവിധ സാമൂഹ്യസേവന പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെയും ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെയും ട്രസ്റിയാണദ്ദേഹം. ഇരുസംഘടനകളുടെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്തോ അമേരിക്കന്‍ മലയാളി അസോസിയേഷന്റെ ലൈഫ് മെംബറായ ജോണ്‍ പോള്‍ പ്രസിഡന്‍്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.
മുപ്പതുവര്‍ഷം പിയാനോ കമ്പനിയില്‍ എന്‍ജിനീയറിംഗ് ടെക്നീഷ്യനായി പ്രവര്‍ത്തിച്ച അദ്ദേഹമിപ്പോള്‍ റിട്ടയര്‍ ലൈഫ് ആസ്വദിക്കുകയാണ്. തൃശൂര്‍ പറപ്പൂക്കര സ്വദേശിയായ ജോണ്‍പോള്‍ നാട്ടിലും ഇവിടെയുമായി വിവിധ കമ്പനികളുടെ ഡയറക്ടറാണ്.

ഭാര്യ: ഗ്രേസി, മകള്‍: ഷീല (മെഡിക്കല്‍ വിദ്യാര്‍ഥിനി), മരുമകന്‍ ആന്‍ഡ്രൂ (ബിസിനസ്), കൊച്ചുമക്കള്‍: വിന്‍സന്റ് (മെഡിക്കല്‍ വിദ്യാര്‍ഥി), ആന്റോ (എല്‍കെജി).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം