ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയായി
Saturday, October 4, 2014 8:17 AM IST
ഡാളസ്: ഡാളസിലെ കേരള ഹിന്ദു സൊസൈറ്റി, കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യഘട്ടമായ കെഎച്ച്എസ് സ്പിരിച്വല്‍ ഹാളിന്റെ ഉദ്ഘാടനം കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഹരീഷ് പാര്‍വത നേനി നിര്‍വഹിച്ചു. ക്ഷേത്ര അങ്കണത്തില്‍ കുടുംബ സമേതം എത്തിച്ചേര്‍ന്ന കോണ്‍സല്‍ ജനറലിനേയും മറ്റ് വിശിഷ്ടാതിഥികളേയും താലപൊലിയും മുത്തുക്കുടയും ചെണ്ടമേളവുമായി കേരളാ ഹിന്ദു സൊസൈറ്റി പ്രവര്‍ത്തകര്‍ സ്വീകരിച്ച് ഹാളിന്റെ പ്രധാന കവാടത്തിലേക്ക് ആനയിച്ചു.

വിശിഷ്ട അതിഥികളായ കാരോള്‍ട്ടണ്‍ സിറ്റി കൌണ്‍സിലന്മാരുടേയും കാവാലം ശ്രീകുമാറിന്റെയും സാന്നിധ്യത്തില്‍ ഹരീഷ് പാര്‍വത നേനി നാടമുറിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രത്തിലെ മേല്‍ശാന്തി എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി നിലവിളക്ക് തെളിച്ചതോടെ ആഘോഷങ്ങള്‍ ആരംഭിച്ചു.

താത്കാലിക ക്ഷേത്രത്തിന്റെ തുടക്കം മുതല്‍ പൂജാദി കര്‍മങ്ങള്‍ നിര്‍വഹിച്ചിട്ടുളള മനു ഭട്ടതിരി, വാസുദേവന്‍ നമ്പൂതിരി, വിനേഷ് നമ്പൂതിരി എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിനെ ധന്യമാക്കി.

ഉന്നത ഉദ്യോഗങ്ങളിലിരുന്നുകൊണ്ട് ഭാരതീയ വംശജര്‍ അമേരിക്കന്‍ സമൂഹത്തിന് നല്‍കുന്ന സംഭാവന വിലപ്പെട്ടതാണെന്ന് കോണ്‍സുലേറ്റ് ജനറല്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍ നിന്നെത്തിച്ചേര്‍ന്ന ഗായകന്‍ കാവാലം ശ്രീകുമാറും സംഘവും ഒരുക്കിയ നാദബ്രഹ്മലയം ഉദ്ഘാടന ചടങ്ങില്‍ ഉണ്ണികൃഷ്ണന്റെ സാന്നിധ്യം അനുഭവപ്പെടുത്തി. കെഎച്ച്എസ് ട്രസ്റി ചെയര്‍ വിലാസ് കുമാര്‍ ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും 2015 മേയ് 20 ന് നടത്താനിരിക്കുന്ന പ്രതിഷ്ഠാ കര്‍മത്തില്‍ എല്ലാവരുടേയും സാന്നിധ്യം അഭ്യര്‍ഥിക്കുകയും ചെയ്തു.

താത്കാലിക ക്ഷേത്രത്തില്‍ തുടര്‍ന്ന് വരുന്ന നിത്യ പൂജകളുടേയും ഭാഗവത പാരായണത്തിന്റെയും അനുഗ്രഹം മൂലമാണ് ക്ഷേത്ര സമുച്ഛയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതെന്ന് കെഎച്ച്എസ് പ്രസിഡന്റ് ശ്യാമള നായര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍