കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് സ്വീകരണം നല്‍കി
Tuesday, October 7, 2014 4:38 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ വികാരിയായി ചുമതലയേറ്റ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് ഇടവക ജനങ്ങള്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കി. ഒക്ടോബര്‍ അഞ്ചാം തീയതി രാവിലെ ദേവാലയാങ്കണത്തില്‍ വെച്ച് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും, പാരീഷ് കൌണ്‍സില്‍ അംഗങ്ങളും, ഇടവകാംഗങ്ങളും ഒന്നുചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കി ദേവാലയത്തിലേക്ക് ആനയിച്ചു.

തുടര്‍ന്ന് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്തിനൊപ്പം പുതിയ ഇടവക വികാരിയായി ആദ്യ ദിവ്യബലിയര്‍പ്പിച്ചു. കൈക്കാരന്‍ മനീഷ് ജോസഫ്, മറ്റു കൈക്കാരന്മാരായ ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, സിറിയക് തട്ടാരേട്ട് എന്നിവരോടു ചേര്‍ന്ന് സ്വാഗതമര്‍പ്പിച്ചു.

ദിവ്യബലി മധ്യേ രൂപതാ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടയത്തില്‍ നിന്നുള്ള വികാരി നിയമനപത്രം വായിച്ചു. അതിനുശേഷം കഴിഞ്ഞ മൂന്നുവര്‍ഷം ഇടവക വികാരിയായിരുന്ന മാര്‍ ജോയി ആലപ്പാട്ട്, റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിനെ ഹാര്‍ദ്ദവമായി സ്വീകരിക്കുകയും സ്ഥാനമേല്‍പ്പിക്കുകയും ചെയ്തു. രൂപതയുടെ വികാരി ജനറാളായി സേവനം അനുഷ്ഠിച്ചുവന്നിരുന്ന റവ.ഡോ പാലയ്ക്കാപ്പറമ്പില്‍ തന്റെ പുതിയ അജപാലന ദൌത്യത്തില്‍ ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുകയും, സ്വീകരണത്തിന് നന്ദിയും സ്നേഹവും പ്രകാശിപ്പിക്കുകയും ചെയ്തു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം