ലോംഗ് ഐലന്റ് മാര്‍ത്തോമാ ഇടവക സീനിയര്‍ സിറ്റിസണ്‍ ഡേ ആഘോഷിച്ചു
Tuesday, October 7, 2014 4:39 AM IST
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28-ന് ഞായറാഴ്ച സീനിയര്‍ സിറ്റിസണ്‍ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് നടന്ന പ്രത്യേക ആരാധനയ്ക്കും. വിശുദ്ധ കുര്‍ബാനയ്ക്കും റവ. ഏബ്രഹാം കുരുവിള (പ്രിന്‍സ്റണ്‍ തിയോളജിക്കല്‍ സെമിനാരി) നേതൃത്വം നല്‍കി.

ആരാധനയ്ക്കുശേഷം നടന്ന പ്രത്യേക മീറ്റിംഗില്‍ ഇടവക വികാരി റവ.ഡോ. ഷിനോയ് ജോസഫ് അധ്യക്ഷത വഹിക്കുകയും ഇടവകയിലെ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള 48 അംഗങ്ങളെ റവ. ടി.സി. മാമ്മന്‍, റവ. ഏബ്രഹാം കുരുവിള, റവ.ഡോ. ഷിനോയ് ജോസഫ് എന്നീ വൈദീകര്‍ പൊന്നാട അണിയിച്ച് പ്രത്യേകം ആദരിക്കുകയും ചെയ്തു.

ഇടവകയിലെ മുതര്‍ന്നവരോടുള്ള കരുതലും, സ്നേഹവും ഒന്നുചേര്‍ന്ന് പങ്കിട്ടപ്പോള്‍ പല മാതാപിതാക്കളുടേയും മിഴികള്‍ ഈറനണിഞ്ഞു.

തുടര്‍ന്ന് മുഖ്യാതിഥി റവ. ഏബ്രഹാം കുരുവിള സീനിയര്‍ സിറ്റിസണ്‍ ഡേ സന്ദേശം നല്‍കി. സ്നേഹബന്ധങ്ങള്‍ക്ക് മൂല്യശോഷണം വന്നുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ നമ്മുടെ മുതിര്‍ന്നവരോടുള്ള സ്നേഹം, കരുതല്‍ ഇവ പ്രകടമാക്കുകയും പങ്കിടുകയും ചെയ്യുമ്പോള്‍ ക്രിസ്തുവിലൂടെ കാണിച്ചുതന്ന അളവില്ലാത്ത സ്നേഹത്തിന്റെ നന്ദീഭാവമാണ് ഇവിടെ പ്രകടമാകുന്നതെന്നും, നമുക്കും വരും തലമുറകള്‍ക്കും ഇത് ഒരു നല്ല മാതൃകയായി ഭവിക്കട്ടെ എന്നും, ഈ സ്നേഹത്തിന്റെ വലിയ സന്ദേശം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നിര്‍വഹിക്കപ്പെടാന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

റവ. ടി.സി മാമ്മന്‍, റവ.ഡോ. ഷിനോയ് ജോസഫ്, ജോര്‍ജ് ബാബു (ഇടവക വൈസ് പ്രസിഡന്റ്) എന്നിവര്‍ ഏവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയുണ്ടായി.

സീനിയര്‍ സിറ്റിസണ്‍സിനെ പ്രതിനിധീകരിച്ച് വര്‍ഗീസ് ഉമ്മന്‍, ഏലിയാമ്മ മാത്യു എന്നിവര്‍ ഇടവകയായി തങ്ങള്‍ക്ക് നല്‍കിയ ആദരവിന് നന്ദി പ്രകാശിപ്പിച്ചു.

ജോയി കെന്നത്ത് പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മീറ്റിംഗില്‍ ഇടവക സെക്രട്ടറി സാറാ ജേക്കബ്, സ്വാഗതം ആശംസിക്കുകയും, ട്രഷറര്‍ ജേക്കബ് ടി. ചാക്കോ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. വന്നുചേര്‍ന്ന ഏവര്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യ നല്‍കുകയുണ്ടായി. ഇടവകയിലെ യുവാക്കള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്റാന്‍ലി കളത്തില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം