ജോജി തോമസിന് സെനറ്റിന്റെയും കൌണ്ടിയുടെയും അവാര്‍ഡ്
Wednesday, October 8, 2014 1:30 AM IST
ന്യൂയോര്‍ക്ക്: ചുരുങ്ങിയ കാലം കൊണ്ടു ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ജോജി തോമസിന് സെനറ്റിന്റെയും കൌണ്ടിയുടെയും അവാര്‍ഡ്. ഫ്ളോറല്‍ പാര്‍ക്കില്‍ പോപ്പുലര്‍ ഓട്ടോ സര്‍വീസ് നടത്തുന്ന ജോജി മൂന്നരവര്‍ഷം കൊണ്ടാണ് ഈ രംഗത്തെ അതികായനായത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതില്‍ കണിശത പുലര്‍ത്തുന്നതിലാണ് തന്റെ വിജയമെന്നു ജോജി പറയുന്നു. ഇവിടത്തെ മികച്ച സേവനം തന്നെയാണ് ജനപ്രീയ ഓട്ടോസര്‍വീസ് സെന്ററായി പോപ്പുലര്‍ ഓട്ടോ സര്‍വീസിനെ മാറ്റിയത്. അഞ്ചുവര്‍ഷം മുമ്പ് അമേരിക്കയിലെത്തിയ ജോജിയുടെ കഠിനാധ്വാനവും അര്‍പ്പണമനോഭാവുമാണ് സ്വന്തം സ്ഥാപനം പടുത്തുയര്‍ത്തി വിജയം കൈവരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. മാതൃകയാക്കേണ്ട സംരംഭകന്‍ എന്ന നിലയിലാണ് ജോജിയെ കൌണ്ടിയും സെനറ്റും ആദരിച്ചത്.

ന്യൂഹെഡ്പാര്‍ക്കില്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പത്തുവര്‍ഷത്തോളം തൊടുപുഴയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന ജോജി ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് അസോസിയേഷന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട്, സൌത്ത് ആഫ്രിക്കയില്‍ ബിഎംഡബ്ള്യൂ സര്‍വീസ് രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗില്‍ നാട്ടില്‍ നിന്നു ഡിപ്ളോമയും അമേരിക്കയില്‍ നിന്നു ബിരുദവും നേടിയിട്ടുണ്ട്.
അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷനുകളിലും അംഗമായ ജോജി സാമൂഹ്യസേവന രംഗത്തും സജീവമാണ്. സിറ്റി ഹോസ്പിറ്റലില്‍ നഴ്സായ ജയ്മോളാണ് ഭാര്യ. മക്കള്‍: മൈക്കിള്‍, മരിയ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം