2014 സ്പെല്ലിംഗ് ബി സംയുക്ത ജേതാക്കളായ ഇന്തോ-അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ഒബാമയുടെ അഭിനന്ദനം
Wednesday, October 8, 2014 5:03 AM IST
വാഷിംഗ്ടണ്‍ ഡിസി: 2014 സ്പെല്ലിംഗ് ബി മത്സരങ്ങളില്‍ സംയുക്ത ജേതാക്കളും ഇന്ത്യന്‍ വംശജരുമായ ടെക്സസില്‍ നിന്നുളള അന്‍സന്‍ സുജോയും ന്യൂയോര്‍ക്കില്‍ നിന്നുളള ശ്രീരാമും പ്രസിഡന്റ് ഒബാമയുടെ ക്ഷണമനുസരിച്ച് ഓവല്‍ ഓഫീസ് സന്ദര്‍ശിച്ചു. ഇരുവരുടേയും അത്യപൂര്‍വ വിജയത്തില്‍ പ്രസിഡന്റ് ഒബാമ അഭിനന്ദനം രേഖപ്പെടുത്തുകയും അമേരിക്കന്‍ ഭരണഘടനാ ഭേദഗതികളെക്കുറിച്ചു പ്രസിഡന്റ് ഒബാമ എഴുതിയ 'ഡ്രീം ബിഗ് ഡ്രീംസ്' എന്ന പുസ്തകം ഒപ്പിട്ടു നല്‍കുകയും ചെയ്തു.

ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയാണ് ഒബാമ പതിമൂന്നുകാരനായ അന്‍സനേയും പതിനാലുകാരനായ ശ്രീരാമിനേയും അകത്തേക്ക് ക്ഷണിച്ചത്. ഇങ്ങനെ ഒരു സന്ദര്‍ഭം ഒരുക്കിയതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രസിഡന്റിന് നന്ദി പറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ എന്നാണ് ഇരുവരും ഒബാമയുമായുളള കൂടിക്കാഴ്ചയെ വിവരിച്ചത്. കുടുംബാംഗങ്ങളേയും ഒബാമ അഭിനന്ദിച്ചു.

1962 നു ശേഷം ആദ്യമായാണ് സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബി മത്സരത്തില്‍ സംയുക്ത ജേതാക്കളെ കണ്െടത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്പെല്ലിംഗ് ബി മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആധിപത്യമാണ് തുടരുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍