ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ കണ്‍വന്‍ഷനും നാല്‍പ്പതാം ഇടവകദിനവും ഒക്ടോബര്‍ 16 മുതല്‍ 18 വരെ
Wednesday, October 8, 2014 5:04 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ക്രമീകരിക്കുന്ന ഇടവക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ (വ്യാഴം, വെള്ളി, ശനി) നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ആരംഭിക്കും.

ജോയി പുല്ലാട് ദൈവവചനപ്രഘോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനോടനുബന്ധിച്ച് ഇടവകജനങ്ങളെ പങ്കാളികളാക്കി ഒക്ടോബര്‍ 13 മുതല്‍ 15 വരെ 40 മണിക്കൂര്‍ ചെയിന്‍ പ്രയറും ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനായി രൂപീകരിച്ച പ്രത്യേക ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും.

19 ന് (ഞായര്‍) ഇടവകയുടെ 40ാമത് ഇടവകദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് തോമസ് മാര്‍ തീമോത്തീയോസ് എപ്പിസ്കോപ്പ നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന ഇടവകദിനാഘോഷങ്ങളില്‍ മാര്‍ തീമോത്തിയോസ് മുഖ്യാതിഥിയായിരിക്കും.

ഇടവകയുടെ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ഔദ്യോഗിക ഭാരവാഹികളായിരുന്നവരെയും ഇടവകയില്‍ 70 വയസു പൂര്‍ത്തിയായ മുതിര്‍ന്ന അംഗങ്ങളെയും ആദരിക്കും.

ഇടവകയുടെ നല്‍പ്പതാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നിരവധി പരിപാടികളും ജീവകാരുണ്യ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതോടനുബന്ധിച്ച് ട്രിനിറ്റി സെന്ററിന്റെ പവിലിയന്‍ പൂര്‍ത്തീകരണവും ലക്ഷ്യമിടുന്നു,

കണ്‍വന്‍ഷന്‍ യോഗങ്ങള്‍ക്കും ഇടവകദിനത്തിനും ഏവരും പങ്കുചേരണമെന്ന് ഇടവകവികാരി കൊച്ചുകോശി ഏബ്രഹാം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി