എബോള വൈറസ് : അമേരിക്കയിലെ ആദ്യ മരണം ഡാളസില്‍
Thursday, October 9, 2014 4:21 AM IST
ഡാളസ് (ടെക്സസ്): എബോള വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ച അമേരിക്കയിലെ ആദ്യ രോഗി ടെക്സസിലെ ഡാളസ് പ്രസ് ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ ഒക്ടോബര്‍ എട്ടിന് (ബുധന്‍) രാവിലെ 7.51 ന് മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ലൈബീരിയന്‍ സ്വദേശി 42 കാരനായ തോമസ് എറിക്ക് ഡുന്‍കന്‍ സെപ്റ്റംബര്‍ 20 നാണ് ഡാളസില്‍ വിമാനമിറങ്ങിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡാളസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ സെപ്റ്റംബര്‍ 26 ന് പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 28 ന് വീണ്ടും ആശുപത്രിയില്‍ എത്തിയ രോഗിയില്‍ എബോള വൈറസ് കണ്െടത്തിയതിനെ തുടര്‍ന്ന് ഐസോലേഷന്‍ റൂമില്‍ ചികിത്സ നടന്നു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച കിഡ്നി ഡയാലിസിസ് ആരംഭിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എബോളയ്ക്കുളള മരുന്നായ ബ്രിന്‍സിഡെഫോവിര്‍ ആദ്യമായി പരീക്ഷിച്ചത് തോമസ് എറിക്കിലായിരുന്നു.

ഡാളസിലുളള കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായിരുന്നു തോമസ് എത്തിയത്. തോമസിന്റെ മാതാവും മൂന്നുവയസുളള മകനും 16 വര്‍ഷം മുമ്പാണ് ലൈബീരിയ വിട്ടത്. ഇപ്പോള്‍ 19 വയസുളള മകനെ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് തോമസ് കാണുന്നത്. കുടുംബാംഗങ്ങളുമായി അധികം നാള്‍ സന്തോഷം പങ്കിടുന്നതിനു മുമ്പ് വിധി തോമസിന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. ലൈബീരിയയില്‍ നിന്നു പുറപ്പെടുമ്പോള്‍ പൂരിപ്പിച്ചു നല്‍കിയ ഹെല്‍ത്ത് കാര്‍ഡില്‍ രോഗത്തെക്കുറിച്ചുളള ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍