ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഏകദിന സെമിനാര്‍ നടത്തി
Friday, October 10, 2014 5:03 AM IST
ഷിക്കാഗോ: കുടുംബ ജീവിതത്തില്‍ സ്നേഹം പങ്കിടാന്‍ പഠിക്കണമെന്നും ഉള്ളത് കൊടുക്കുന്നതിലധികമായി ഉള്ളം പങ്കിട്ട് ജീവിക്കണമെന്നും പ്രസിദ്ധ സംഗീത സംവിധായകനും കുടുംബ ധ്യാനഗുരുവുമായ സണ്ണി സ്റീഫന്‍ അഭിപ്രായപ്പെട്ടു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ ദമ്പതികള്‍ക്കായി ക്രമീകരിച്ച ഏകദിന സെമിനാറില്‍ മുഖ്യ പ്രഭാഷകനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബജീവിതത്തില്‍ ദിനംപ്രതി നേരിടുന്ന പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും പ്രായോഗികതയിലൂടെ എങ്ങനെ തരണം ചെയ്യാമെന്ന് അദ്ദേഹം തന്റെ അനുദിന ജീവിതാനുഭവങ്ങളിലൂടെ തുറന്നുകാട്ടി. സന്തോഷവും സമാധാനവും ശാന്തിയും സുരക്ഷിതത്വവും എല്ലാം അനുഭവവേദ്യമാക്കിത്തീര്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കുടുംബമല്ലാതെ മറ്റൊന്നല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ പത്തിന് കണ്‍വീനര്‍ സോനു വര്‍ഗീസ് അച്ചന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സെമിനാര്‍ സീറോ മലബാര്‍ സഭയുടെ ഓക്സിലറി ബിഷപ്പും എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റുമായ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ദാനിയേല്‍ തോമസ് അച്ചന്‍ സ്വാഗതം ആശംസിച്ചു. ജോര്‍ജ് പണിക്കര്‍ സണ്ണി സ്റീഫനെ സദസിന് പരിചയപ്പെടുത്തി.

രാവിലെ പത്തിന് ആരംഭിച്ച ഈ സെമിനാര്‍ വൈകുന്നേരം നാലു വരെ തുടര്‍ന്നു. എക്യൂമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ നന്ദി രേഖപ്പെടുത്തി. കോര്‍ഡിനേറ്റര്‍ ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, മിസ്സിസ് ബേബി മത്തായി, മാത്യു മാപ്ളേട്ട്, ഐപ് അലക്സാണ്ടര്‍, മാത്യു കരോട്ട്, മാത്യു ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം