ഫോമ 2014-16 ഭരണസമിതിയുടെ അധികാര കൈമാറ്റത്തിനായി മയാമി ഒരുങ്ങി
Monday, October 13, 2014 5:04 AM IST
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) എന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി അംബ്രല്ല സംഘടനയുടെ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 25 ന് മയാമി ബെസ്റ് വെസ്റേണ്‍ ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സില്‍ നടക്കും.

ഫോമ ഫിലഡല്‍ഫിയ കണ്‍വന്‍ഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ആനന്ദന്‍ നിരവേല്‍, ഷാജി എഡ്വേര്‍ഡ്, ജോയി ആന്തണി എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റി അംഗങ്ങളാണ് അധികാരമേല്‍ക്കുന്നത്.

ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് നിയുക്ത ഭരണസമിതി അധികാരമേല്‍ക്കുന്നത്. ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി എല്ലാ അംഗസംഘടനയില്‍ നിന്നും എത്രയും പെട്ടെന്ന് ഡെലിഗേറ്റ്സ് ലിസ്റ് അയയ്ക്കണമെന്ന് ഫോമ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ് അഭ്യര്‍ഥിച്ചു.

2012-14 ഭരണസമിതിയുടെ അവസാനത്തെ മീറ്റിംഗായിരിക്കും പ്രസ്തുത സമ്മേളനം. അതിനുശേഷം പുതുതായി സ്ഥാനം ഏറ്റെടുക്കുന്ന 2014-16 ഭരണസമിതിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് മീറ്റിംഗും അന്നേ ദിവസം നടക്കും.

ഇതുവരെ അമേരിക്കന്‍ മലയാളികള്‍ ഫോമയ്ക്ക് നല്‍കിയ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും സമ്മേളനത്തില്‍ പങ്കെടുത്തു വന്‍ വിജയമാക്കണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു 267 549 1196, ഗ്ളാഡ്സണ്‍ വര്‍ഗീസ് 847 561 8402, വര്‍ഗീസ് ഫിലിപ്പ് 215 934 7212, ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്തണി 954 328 5009.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍