മോദിയുമായി നടത്തിയ ചര്‍ച്ച : ബില്‍ ഗേറ്റ്സിന് സംതൃപ്തി
Monday, October 13, 2014 7:31 AM IST
ന്യൂയോര്‍ക്ക്: ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന വിപ്ളവകരമായ മാറ്റങ്ങളെകുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോ സോഫ്റ്റ് കോ ഫൌണ്ടര്‍ ബില്‍ഗേറ്റ്സുമായി നടത്തിയ ചര്‍ച്ചയില്‍ ബില്‍ഗേറ്റ്സിന് പൂര്‍ണ സംതൃപ്തി.

സാധാരണ രാഷ്ട്രീയ നേതാക്കന്മാര്‍ ചര്‍ച്ച ചെയ്യാനിഷ്ടപ്പെടാത്ത ശൌചാലയങ്ങള്‍ (ടോയ്ലറ്റ്) എന്ന വിഷയത്തെ കുറിച്ച് പ്രധാനമന്ത്രി വാചാലനായത് ബില്‍ഗേറ്റ്സിനെ അത്ഭുതപ്പെടുത്തി. ഒരു മണിക്കൂറിലധികമാണ് ഇതിനെകുറിച്ച് മോദി സംസാരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്യ്ര ലബ്ധിക്കുശേഷം ഒരു രാഷ്ട്രീയ നേതാവ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത് ബില്‍ ഗേറ്റ്സ് പറഞ്ഞു.

ദാരിദ്യ്ര നിര്‍മാര്‍ജനത്തിനും പാവപ്പെട്ടവര്‍ക്കു വൈദ്യ സഹായം ലഭ്യമാക്കുന്നതിനും മോദി ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ ബില്‍ ഗേറ്റ്സ് പ്രത്യേകം പ്രശംസിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട 500 ടൌണുകളിലുളള ബസ് - ട്രെയിന്‍ സ്റേഷനുകളില്‍ ആധുനിക സൌകര്യങ്ങളോടെയുളള ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയതിനുശേഷം കഴിഞ്ഞ മാസം ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡായും നരേന്ദ്രമോദിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചതിനെകുറിച്ച് ഈയാഴ്ചയില്‍ ബില്‍ഗേറ്റ്സ് പ്രസിദ്ധീകരിച്ച ഒരു ബ്ളോഗിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജമ്മു കശ്മീരിലെ വെളളപ്പൊക്കത്തെക്കുറിച്ചും ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും കൂടിക്കാഴ്ചക്ക് സമയം അനുവദിച്ച മോദിയുടെ വിശാല മനസ്കതയെ കുറിച്ച് ഞാന്‍ അഭിമാനംകൊളളുന്നു. ബില്‍ഗേറ്റ്സ് എഴുതിയ ടോയ്ലറ്റ് വിഷയങ്ങള്‍ക്കു പുറമേ, ഔഷധ നിര്‍മാണം, ബാങ്ക് അക്കൌണ്ട്സ്, ഹെല്‍ത്ത് ക്ളീനിക്കുകള്‍ എന്നതിനെകുറിച്ചും ചര്‍ച്ചകള്‍ നടത്തിയതായി 'മീറ്റിംഗ് ദ ന്യു പ്രൈം മിനിസ്റ്റര്‍' എന്ന തലവാചകത്തില്‍ എഴുതിയ ബ്ളോഗില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍