താപനില പരിശോധിക്കുന്ന ഉപകരണം അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍
Wednesday, October 15, 2014 3:26 AM IST
ഡാളസ്: എബോള രോഗം പിടിപെട്ട് അമേരിക്കയില്‍ ആദ്യ രോഗി മരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗിനിയ, ലൈബീരിയ, സിയരാ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പനിയുണ്േടാ അവരുടെ ശരീര താപനില എന്താണ് എന്ന് പരിശോധിക്കുവാന്‍ പുതിയ സംവിധാനം നിലവില്‍വന്നു. ശരീരത്തില്‍ സ്പര്‍ശിക്കാതെ ശരീരത്തിന്റെ ചൂട് അളക്കുവാനുള്ള പുതിയ ഉപകരണം ഉപയോഗിച്ചുവരികയാണ്. ഈ ഉപകരണം യാത്രക്കാരന്റെ നെറ്റിയുടെ നേരെ പിടിച്ചാല്‍, ഉടന്‍തന്നെ നെറ്റിയില്‍നിന്ന് ചൂട് ഒരു ഇലക്ട്രിക്കല്‍ സ്ഗനലായി രൂപാന്തരപ്പെടുത്തി ഒരു മൈക്രോ പ്രോസസറിലേക്ക് കടത്തിവിടുന്നു. മൈക്രോ പ്രോസസര്‍ ശരീരത്തിന്റെ ചൂട് കണ്ടുപിടിച്ച് രുെ ലിക്വിഡ് ക്രിസ്റല്‍ ഡിസ്പ്ളേ സ്ക്രീനില്‍ തെളിയുന്നു. ആരോഗ്യ രക്ഷാപ്രവര്‍ത്തകര്‍ക്ക് യാത്രക്കാരന്റെ ശരീര താപനില ഈ സ്ക്രീനില്‍ നിന്ന് മനസിലാക്കുവാന്‍ സാധിക്കും.

എബോള രോഗമുള്ള രോഗികളെ സ്പര്‍ശിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഈ ഉപകരണം ഉപയോഗിക്കുവാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

അമേരിക്കയിലെ അഞ്ച് എയര്‍പോര്‍ട്ടുകളിലാണ് ഈ പരിശോധന ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്