ജീവിതം ക്ളേശരഹിതമാക്കാന്‍ ദൈവത്തിന് മുന്‍ഗണന നല്‍കൂ: മാര്‍ ജോയി ആലപ്പാട്ട്
Wednesday, October 15, 2014 8:06 AM IST
ടൊറന്റോ: ദൈവത്തിന് മുന്‍ഗണന നല്‍കിയാല്‍ പ്രയത്നങ്ങളെല്ലാം ഫലവത്താകുമെന്നും ജീവിതം ക്ളേശരഹിതമാകുമെന്നും ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്. സ്വയം പര്യാപ്തനാണെന്നു ചിന്തിച്ചുപോയാല്‍ നിരാശയാകും ഫലം. മനുഷ്യന്‍ നിസാരനാണെന്ന ബോധ്യത്തില്‍ നിന്നാവണം വിശ്വാസ ജീവിതം ആരംഭിക്കേണ്ടതും കരുപിടിപ്പിക്കേണ്ടതും. ശിശുസഹജമായ മനോഭാവമുണ്ടായാലേ സമൃദ്ധമായി ദൈവകൃപ ലഭിക്കൂ. സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ഈസ്റ്, വെസ്റ് റീജിയണുകളുടെ വാര്‍ഷിക ധ്യാനമായ 'അഭിഷേകാഗ്നി' ബൈബിള്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു മാര്‍ ആലപ്പാട്ട്.

സമ്പത്ത് വര്‍ധിപ്പിക്കുക മാത്രമാണ് കുടിയേറ്റത്തിന്റെ ലക്ഷ്യമെന്നു കരുതരുത്. ദൈവസ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ദൌത്യംകൂടിയുണ്ട് പ്രവാസികള്‍ക്ക്. വിശ്വാസത്തിന്റെ സാക്ഷികളാകാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് പ്രവാസികള്‍. ഈശോയെ വേണം, സഭയെ വേണ്ട എന്ന ചിന്ത അപകടകരമായ അവസ്ഥയിലെത്തിക്കും. യേശുവിനെ കൂടുതല്‍ ലഭ്യമാകാന്‍ സഭയിലൂടെയെ സാധ്യമാകൂ. വിശ്വാസികള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാലേ കര്‍ത്താവിന്റെ രാജ്യം സ്ഥാപിക്കാനും സമാധാനവും സുസ്ഥിതിയും നിലനിര്‍ത്താനും വരുംതലമുറകള്‍ക്ക് അനുഗ്രഹങ്ങള്‍ പ്രാപിക്കാവാനും കഴിയുകയുള്ളൂ.

മഴ പോലെയാണ് ദൈവാനുഗ്രഹം. എപ്പോഴും വര്‍ഷിച്ചുകൊണ്ടിരിക്കും. അത് മുന്‍വിധികളും ആകുലതകളുമില്ലാതെ തുറന്ന മനസോടെ സ്വീകരിക്കാനാകണം. കുടുംബത്തിന്റെ വിശുദ്ധിയാണ് സഭയുടേയും നാടിന്റേയും ലോകത്തിന്റേയുമെല്ലാം വിശുദ്ധിക്ക് വഴിയൊരുക്കുന്നത്. എന്തു ചെയ്യാനും ഏറ്റെടുക്കാനുമുള്ള തീഷ്ണണതയും ജ്വരവും പ്രവാസികള്‍ കൈവെടിയെരുതെന്നും മാര്‍ ജോയി ആലപ്പാട്ട് ആഹ്വാനം ചെയ്തു.

അഭിഷിക്തനായശേഷം ആദ്യമായി കാനഡ സന്ദര്‍ശിക്കുന്ന മാര്‍ ജോയി ആലപ്പാട്ടിനെ വികാരി റവ.ഡോ. ജോസ് കല്ലുവേലിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കൈക്കാരന്മാരായ ടോമി കോക്കാട്ട്, സുരേഷ് തോമസ് എന്നിവര്‍ പൂച്ചെണ്ട് നല്‍കി.

സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിച്ച ത്രിദിന ധ്യാനത്തില്‍ കാനഡയിലേയും അമേരിക്കയിലേയും വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് പങ്കെടുത്തതും വിശ്വാസജീവിതത്തില്‍ പുത്തന്‍ ഉണര്‍വും നവചൈതന്യവും വീണ്െടടുത്തതും. രോഗശാന്തി, വെഞ്ചരിപ്പ് ശുശ്രൂഷകളുമുണ്ടായിരുന്നു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള ധ്യാനവും ഇതോടൊപ്പം നടന്നു. ഫാ. സോജി ഓലിക്കല്‍ (യുകെ), ടൊറന്റോ രൂപത യൂത്ത് ഡയറക്ടര്‍ ഫാ. ഹാന്‍സു പാര്‍ക് (കാനഡ), ബ്രദര്‍ ടോബി മണിമലേത്ത് (യുഎസ്) എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന ദിവനത്തിലെ സമൂഹബലിയില്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ.ഡോ. ജോസ് കല്ലുവേലി, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ജോമോന്‍ കല്ലിടാന്തിയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍, വെസ്റ്, ഈസ്റ് റീജിയണുകളില്‍ നിന്നായി ഇരുനൂറോളം വോളന്റിയര്‍മാരാണ് വാര്‍ഷിക ധ്യാനത്തിന്റെ ചിട്ടയായ നടത്തിപ്പിന് അധ്വാനിച്ചത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം