തോമസ് ഡങ്കനെ ശുശ്രൂഷിച്ച രണ്ടാമത്തെ നഴ്സിനും എബോള വൈറസെന്ന് സ്ഥിരീകരണം
Thursday, October 16, 2014 5:51 AM IST
ഡാളസ്: എബോള വൈറസ് ബാധിച്ചു ഡാളസ് പ്രിസബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ അമേരിക്കയിലെ ആദ്യ എബോള വൈറസ് രോഗി തോമസ് എറില്‍ ഡങ്കനെ ശുശ്രൂഷിച്ച രണ്ടാമത്തെ നഴ്സിനും എബോള വൈറസ് ബാധിച്ചതായി ഒക്ടോബര്‍ 15ന് (ബുധന്‍) ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രോഗബാധ ഉണ്ടായ നീനാ പാം എന്ന നഴ്സിന് ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് മറ്റൊരു നഴ്സായ ആമ്പര്‍ വില്‍സനില്‍ (29) രോഗം കണ്െടത്തിയത്. ഇതോടെ ഡങ്കന്റെ ചികിത്സയുമായി ബന്ധപ്പെട്ട 74 പേരോളം ആശുപത്രി ജീവനക്കാര്‍ സൂക്ഷ്മനിരീക്ഷണത്തിലാണ്. 99.5 ഡിഗ്രി പനിയുണ്െടങ്കിലും എബോള രോഗലക്ഷണങ്ങള്‍ കണ്െടത്താത്തതിനെത്തുടര്‍ന്ന് ആമ്പര്‍ വില്‍സനെ കഴിഞ്ഞ വെള്ളിയാഴ്ച ഡാളസില്‍ നിന്നും ഒഹായിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ അനുമതി നല്‍കിയിരുന്നു.

ഈ തിങ്കളാഴ്ചയാണ് ഫ്രന്റിയര്‍ എയര്‍ലൈന്‍സ് 1143 വിമാനത്തില്‍ ക്ളവെലാന്റില്‍ നിന്നും ആമ്പര്‍ ഡാളസിലേക്ക് തിരിച്ചത്. വിമാനത്തില്‍ യാത്ര ചെയ്ത മറ്റുള്ളവര്‍ക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെകുറവാണെന്ന് സിഡിസി ചീഫ് തോമസ് ഫ്രിഡ്മാന്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് സിഡിസി തന്നെയാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയത്. മരണമടഞ്ഞ തോമസ് ഡങ്കന്റെ ചികിത്സാരീതികളെക്കുറിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ടാമത് ഒരാളില്‍കൂടി രോഗം കണ്െടത്തിയതിനെത്തുടര്‍ന്ന് മറ്റു ജീവനക്കാര്‍ പരിഭ്രാന്തിയിലാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍