സൌത്ത് കരോലിന ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്: നിക്കി ഹെയ്ലി മുന്നിലെന്നു അഭിപ്രായ സര്‍വെ
Friday, October 17, 2014 4:29 AM IST
വാഷിംഗ്ടണ്‍: സൌത്ത് കരോലിനാ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലുളള ഇന്ത്യന്‍ - അമേരിക്കന്‍ ഗവര്‍ണ്ണര്‍ നിക്കി ഹെയ്ലി മുന്നിലാണെന്ന് അഭിപ്രായ സര്‍വെ. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ നിക്കി ഡമോക്രാറ്റിക്ക് സ്റ്റേറ്റ് സെനറ്ററും, ഗവര്‍ണ്ണര്‍ സ്ഥാനാര്‍ഥിയുമായ വിന്‍സന്റ് ഷാഹീനേക്കാള്‍ 10 പോയിന്റ് ലീഡ് നേടിയിട്ടുണ്ട്.

വിന്‍ ട്രോപ്പ് യൂണിവേഴ്സിറ്റി നടത്തിയ സര്‍വ്വേയില്‍ പഞ്ചാബില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച നിക്കി 43.6 ശതമാനം വോട്ട് നേടിയപ്പോള്‍ എതിരാളിക്ക് ലഭിച്ചത് 33.6 ശതമാനമാണ്.

ഗവര്‍ണര്‍ നിക്കിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് സൌത്ത് കരോലിനാ വോട്ടര്‍മാര്‍ ശക്തമായ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹം ഒറ്റകെട്ടായി നിക്കിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണര്‍ നിക്കി (42) സൌത്ത് കരോലിനായിലെ ആദ്യ വനിതാ ഗവര്‍ണറാണ്.ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ അമേരിക്കയിലെ രണ്ടാമത്തെ ഗവര്‍ണ്ണര്‍ ലൂസിയാനായിലെ ബോബി ജിന്‍ഡാളാണ്. രണ്ട് ഗവര്‍ണ്ണര്‍മാരും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്.നവംബര്‍ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിക്കി ഹെയ്ലി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍