പ്രവാസി വോട്ടവകാശം: പ്രവാസി മലയാളി ഫെഡറേഷന്റെ വന്‍ വിജയം; മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍
Friday, October 17, 2014 4:29 AM IST
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ പ്രധാനമായും മുന്നോട്ടുവെച്ച പ്രവാസികളുടെ വോട്ടവകാശം പ്രാബല്യത്തിലാക്കുന്നതിനുള്ള ശ്രമം ഫലം കണ്ടു. ഇനിമുതല്‍ പ്രവാസി ഇന്ത്യാക്കാര്‍ക്കെല്ലാവര്‍ക്കും രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ സാധിക്കും. ദീര്‍ഘകാലമായി പ്രവസി മലയാളി ഫെഡറേഷന്‍ ആവശ്യപ്പെടുന്ന പ്രവാസി വോട്ടവകാശം നടപ്പിലാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന് പ്രവാസി മലയാളി ഫെഡറേഷന്റെ എല്ലാ ഭാവുകങ്ങളും, ശക്തമായ പിന്തുണയും അറിയിക്കുന്നതായി പ്രവാസി മലയാളി ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു.

ഇനി മുതല്‍ പ്രവാസികള്‍ക്ക് രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടിലൂടെയും (പ്രോക്സി വോട്ട്) ബാലറ്റ് വോട്ടിലൂടെയും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താം. ഇതിനായി രാജ്യത്ത് 1951മുതല്‍ നിലനില്‍ക്കുന്ന ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ സുപ്രീം കോടതി പരിഗണിച്ച് തീര്‍പ്പു കല്‍പ്പിക്കണമെന്ന ഒരു കടമ്പ കൂടി കടക്കണം.

പ്രവാസികള്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 2011ല്‍ ആദ്യമായി അവസരം നല്‍കിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ ഭാരതീയരായ പ്രവാസി മലയാളികളായ നമ്മള്‍ക്കു തന്നെയായിരിക്കും ഈ നിയമം പ്രാബല്യത്തിലാകുമ്പോള്‍ ഏറ്റവും വലിയ പ്രയോജനം ലഭിക്കുക.

പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യങ്ങളില്‍ എംബസികള്‍വഴി ഇന്റര്‍നെറ്റ് വോട്ടിങ് സൌകര്യം ഒരുക്കണമെന്ന നിര്‍ദേശം തുടക്കത്തിലുണ്ടായിരുന്നെങ്കിലും ഉന്നതസമിതി അതംഗീകരിച്ചില്ല.

പ്രവാസി മലയാളി ഫെഡറേഷന്റെ ആവശ്യങ്ങളിലൊന്നായ ഇന്റര്‍നെറ്റ് വോട്ടിങ് സൌകര്യം ഇതുവരെയും അംഗീച്ചിട്ടില്ലെങ്കിലും മുക്തിയാര്‍ വോട്ടില്‍ കൂടിയും, തപാല്‍ മാര്‍ഗവും വോട്ടുകള്‍ രേഖപ്പെടുത്താന്‍ കഴിയും. മുക്തിയാര്‍ വോട്ടെന്നാല്‍ നാട്ടില്‍ നമുക്കു വിശ്വാസമുള്ള ഒരാളെ നമ്മുടെ വോട്ടിങ് ചുമതല ഏല്‍പ്പിക്കലാണ്. അതിനായി നമ്മുടെ സുഹൃത്തുക്കളെയൊ, ബന്ധുമിത്രാദികളെയൊ നിര്‍ദേശിക്കാം. അത് തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നു മാത്രം.

മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രവാസി വോട്ട് രാജ്യത്തിന്റെ ഉന്നമനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളോട് രാജ്യം കാണിക്കുന്ന ആദരവു തന്നെയാണ്. കൂടാതെ ഇത് ഒരു നല്ല തുടക്കം കൂടിയാണ്. എന്നാല്‍ എംബസികളില്‍ക്കൂടി ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടിങ് സംവിധാനം എത്രയും വേഗം നടപ്പാക്കാന്‍ അധികാരികള്‍ ശ്രമിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിനിധികള്‍ ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിനിധികള്‍ പ്രവാസികള്‍ക്കും വോട്ടവകാശം വേണമെന്ന ആവശ്യവുമായി വളരെക്കാലമായി സംസ്ഥാന തലത്തിലും, കേന്ദ്രതലത്തിലുമുള്ള നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും, തിരഞ്ഞെടുപ്പുകമ്മീഷനും, കേന്ദ്ര പ്രവാസികാര്യമന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. ഇത് ആ നിവേദനങ്ങളുടെയും ചര്‍ച്ചകളുടെയും ഒരു വന്‍ വിജയം കൂടിയാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നരമംഗലത്ത്, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍