കുടുംബങ്ങള്‍ ക്രിസ്തീയമൂല്യങ്ങളില്‍ അടിയുറയ്ക്കണം: മാര്‍ ജേക്കബ് അങ്ങാടിയത്ത്
Friday, October 17, 2014 4:30 AM IST
ഷിക്കാഗോ: ആധുനിക ലോകം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബങ്ങള്‍ ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറയ്ക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉത്ബോധിപ്പിച്ചു. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദീകരുടെ സമ്മേളനം ടെക്നി കോണ്‍ഫറന്‍സ് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. ലോക കുടുംബ സമ്മേളനം 2015 സെപ്റ്റംബര്‍ 22- 27 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ വെച്ച് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍, രൂപതയിലെ കുടുംബങ്ങളുടെ ആത്മീയ നവീകരണം ലക്ഷ്യംവെച്ചുകൊണ്ട് 2015 രൂപതയില്‍ കുടുംബവര്‍ഷമായി ആചരിക്കുമെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു. കുടുംബങ്ങളെ മാനസീകവും സാമൂഹികവും ആത്മീയവുമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപതയില്‍ ഫാമിലി അപ്പോസ്തലേറ്റിന് രൂപം നല്‍കിയതായി രൂപതാധ്യക്ഷന്‍ അറിയിച്ചു.

സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ തീയതികളില്‍ നടന്ന വൈദീക സമ്മേളനത്തില്‍ എണാകുളം- അങ്കമാലി അതിരൂപതാ മതബോധന ഡയറക്ടര്‍ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ടൊറന്റോ (കാനഡ) സീറോ മലബാര്‍ മിഷനുകളുടെ ഡയറക്ടര്‍ റവ.ഡോ. ജോസ് കല്ലുവേലില്‍, ബാംഗ്ളൂര്‍ കര്‍മ്മലരാം തിയോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രൊഫസറായ റവ.ഡോ. മാത്യു ചൂരപ്പന്തിയില്‍ ഒ.ഡി.സി എന്നിവരക് ക്ളാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 33 ഇടവകകളിലും 35 മിഷനുകളിലുമായി ശുശ്രൂഷ ചെയ്യുന്ന 50 വൈദീകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം