പ്രമോദ് കൊല്ലംപറമ്പിലിന് ജെ.എഫ് ലിങ്കണ്‍ ഫൌണ്േടഷന്‍ അവാര്‍ഡ്
Friday, October 17, 2014 4:31 AM IST
ഫീനിക്സ്: അരിസോണയിലെ ഫീനിക്സ് സ്വദേശിയായ മലയാളി പ്രമോദ് വേണുഗോപാല്‍ ഈവര്‍ഷത്തെ സ്കള്‍പ്ചര്‍ ബ്രോണ്‍സ് അവാര്‍ഡിന് അര്‍ഹനായി. ലോഹനിര്‍മ്മിത കലാരൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിശേഷാല്‍ പ്രതിഭ പ്രകടമാക്കുന്ന സ്കൂള്‍- കോളജ് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ജെയിംസ് എഫ് ലിങ്കണ്‍ ആര്‍ക്ക് വെല്‍ഡിംഗ് ഫൌണ്േടഷന്‍ ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് സ്കള്‍പ്ചര്‍ ബ്രോണ്‍സ് അവാര്‍ഡ്. കൊല്ലംപറമ്പില്‍ വേണുഗോപാല്‍ -രാജി ദമ്പതികളുടെ രണ്ടാമത്തെ പുത്രനായ പ്രമോദ് ഗില്‍ബര്‍ട്ട് ഹൈലാന്റ് ഹൈസ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.

ദേശീയ അവാര്‍ഡ് കരസ്ഥമാക്കി സ്കൂളിന്റെ യശസ് ഉയര്‍ത്താന്‍ പ്രയത്നിച്ച പ്രമോദിനെ സ്കൂള്‍ അധികൃതരും സഹപാഠികളും സ്നേഹാദരങ്ങളോടെയാണ് സ്വീകരിച്ചത്. സര്‍ട്ടിഫിക്കറ്റിനും ക്യാഷ് അവാര്‍ഡിനും പുറമെ രണ്ട് യൂണീറ്റ് യന്ത്രസാമഗ്രികള്‍ കൂടി അവാര്‍ഡിനൊപ്പം ലഭിക്കും.

സ്ഥിരോത്സാഹിയും വിനയാന്വിതനുമായ പ്രമോദിനെ തേടി മറ്റ് നിരവധി അവാര്‍ഡുകളും എത്തിയിട്ടുണ്ട്. അരിസോണ സ്റേറ്റ് യൂണിവേഴ്സിറ്റിയും ഇന്റലും ചേര്‍ന്ന് സംഘടിപ്പിച്ച ആപ്പ് ലീഗ് മത്സരത്തില്‍ പോപ്പുലര്‍ ചോയ്സ് എക്സലന്‍സ് അവാര്‍ഡ് നേടിയത് പ്രമോദാണ്. അരിസോണ സ്കില്‍ സ്റാന്‍ഡേര്‍ഡ് അവാര്‍ഡും, ഗോള്‍ഡ് സ്കോളര്‍ഷിപ്പ് അവാര്‍ഡും ഈ പതിനാറുകാരന്‍ ഇതിനോടകം നേടി തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

ഫീനിക്സ് സീറോ മലബാര്‍ ഹോളി ഫാമിലി ഇടവകാംഗമായ പ്രമോദ് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. മാതാപിതാക്കളുടെ പ്രാര്‍ത്ഥനാധിഷ്ഠിതമായ സ്നേഹവും, സഹപാഠികളുടെ അകമഴിഞ്ഞ പ്രോത്സാഹനവും, എല്ലാറ്റിനുമുപരി ദൈവാനുഗ്രഹവുമാണ് തന്റെ വിജയത്തിന് പ്രമോദ് സന്തോഷത്തോടെ പറയുന്നു. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം