വേതന വര്‍ധന ആവശ്യപ്പെട്ട് പിക്കറ്റിംഗ് നടത്തിയ വാള്‍മാര്‍ട്ട് ജീവനക്കാര്‍ അറസ്റില്‍
Friday, October 17, 2014 6:40 AM IST
ന്യൂയോര്‍ക്ക്: കുറഞ്ഞ വേതനം 15 ഡോളറായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചു പിക്കറ്റിംഗും പ്രകടനവും നടത്തിയ 26 വാള്‍ മാര്‍ട്ട് ജീവനക്കാരെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 16 ന് (വ്യാഴം) രാവിലെ നൂറുകണക്കിന് വാള്‍മാര്‍ട്ട് ജീവനക്കാര്‍ സ്ഥാപകന്റെ മകളും ബില്യനയറുമായ ആലീസ് വാള്‍ട്ടറിന്റെ ന്യൂയോര്‍ക്ക് പാര്‍ക്ക് അവന്യുവിലുളള വീടിനു മുമ്പില്‍ പ്രകടനമായി എത്തിയാണ് പിക്കറ്റിംഗ് ആരംഭിച്ചത്.

വാള്‍മാര്‍ട്ട് കുടുംബാംഗങ്ങള്‍ അമേരിക്കയെ കവര്‍ച്ച ചെയ്യുന്നുവെന്നുളള പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തി ആയിരക്കണക്കിന് വാള്‍മാര്‍ട്ട് ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും വേതനവും നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രകടനവും പിക്കറ്റിംഗും നടത്തിയത്.

പ്രകടനത്തിനെത്തിയവര്‍ കുറഞ്ഞ വേതനം 15 ഡോളറായി ഉയര്‍ത്തണമെന്ന നിവേദനം സമര്‍പ്പിക്കുന്നതിന് ആലീസ് വാള്‍ട്ടറിന്റെ വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് പിക്കറ്റിംഗ് റോഡില്‍ കുത്തിയിരുന്ന ജീവനക്കാരില്‍ 26 പേരെ പോലീസ് അറസ്റു ചെയ്തു നീക്കി.

ഇപ്പോള്‍ അഞ്ചു വര്‍ഷം സര്‍വീസുളള ഒരു ജീവനക്കാരന് 10-10 ഡോളറാണ് ലഭിക്കുന്നതെന്ന് മിനിസോട്ടായില്‍ നിന്നുമെത്തിയ ഒരു ജീവനക്കാരന്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ വാള്‍മാര്‍ട്ട് ഓഫീസിനു മുമ്പില്‍ പിക്കറ്റിംഗില്‍ പങ്കെടുത്ത 16 പേരെ പോലീസ് അറസ്റു ചെയ്തു നീക്കി. ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ചു കേരളത്തില്‍ നിന്നുളള ധാരാളം പേര്‍ വാള്‍മാര്‍ട്ടിന്റെ ജീവനക്കാരായിട്ടുണ്ട്. 2 മില്യണ്‍ ജീവനക്കാരാണ് വാള്‍മാര്‍ട്ടിലുളളത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍