ജപമാല എന്ന റോസാപ്പൂമാല : മാര്‍ ജേക്കബ് അങ്ങാടിയത്ത്
Saturday, October 18, 2014 8:30 AM IST
കേരള കത്തോലിക്കാ പാരമ്പര്യങ്ങളില്‍ വിശിഷ്ടമായ ഒന്നാണ് മാതാവിനോടുള്ള ഭക്തി. മരിയഭക്തിയുടെ പ്രകാശനങ്ങളില്‍ ശ്രേഷ്ഠമായ ഒന്നാണ് ജപമാല. ജപമാലയ്ക്ക് നമ്മുടെ കുടുംബങ്ങളില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. വിശേഷിച്ച് ഈ ഒക്ടോബര്‍ മാസത്തില്‍. നമ്മുടെ കുടുംബ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയാണ് കൊന്ത. മിശിഹായുടെ ജീവിതവും സുവിശേഷവും സമഗ്രമായും കൊന്തയുടെ ഇരുപത് രഹസ്യങ്ങളിലുണ്ട്. ഈ മാസം സവിശേഷമായി നമ്മുടെ കുടുംബങ്ങളില്‍ കൊന്ത ചൊല്ലുവാന്‍ എല്ലാവരും ശ്രദ്ധിക്കുമല്ലോ. നമ്മുടെ ഇടവകകളില്‍ പത്തു ദിവസത്തെ തുടര്‍ച്ചയായ ജപമാല പ്രാര്‍ഥന നടത്തി പരിശുദ്ധ അമ്മയുടെ അനുഗ്രഹം നേടാന്‍ എല്ലാ ഇടവകകളോടും പ്രത്യേകം നിര്‍ദേശിക്കുന്നു.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ഥന ജപമാലയാണെന്ന് ജോണ്‍ പോള്‍ മാര്‍പാപ്പ പറയുമായിരുന്നു. ബനഡിക്ട് പാപ്പായുടെ ശൈലി, എല്ലാദിവസവും പ്രഭാതത്തില്‍ കൊന്ത ചൊല്ലുക എന്നതാണ്. പരിശുദ്ധ അമ്മ 1958-ല്‍ ലൂര്‍ദില്‍ ബര്‍ണര്‍ദീത്തദീത്തയോട് പറഞ്ഞു: 'പാപികളുടെ മാനസാന്തരത്തിനായി ജപമാലയെ ചൊല്ലുവിന്‍' എന്ന്. അതുപോലെ 1917-ല്‍ ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്വ്വയം പരിചയപ്പെടുത്തിയത് 'ഞാന്‍ ജപമാല രാജ്ഞിയാണ്. ഭക്തിപൂര്‍വം ജപമാല ചൊല്ലുവിന്‍' എന്നു പറഞ്ഞുകൊണ്ടാണ്.

ജപമാല സമ്പൂര്‍ണമായും ബൈബിള്‍ അധിഷ്ഠിത പ്രാര്‍ഥനയാണ്. നാം കൊന്തചൊല്ലുമ്പോള്‍ കര്‍ത്താവിന്റെ ജീവിതം ജീവിതം നമ്മുടെ ധ്യാനവിഷയമാക്കുന്നു. ധ്യാനം കൂടാതെയുള്ള പ്രാര്‍ഥന നിര്‍ജീവമാണ്. കര്‍ത്താവിന്റെ ജനനം, പരസ്യജീവിതം, പീഡാനുഭവം, മരണ ഉത്ഥാന അനുഭവങ്ങള്‍ എല്ലാം നാലുദിവസം ജപമാല ചൊല്ലുമ്പോള്‍ ഇരുപത് രഹസ്യങ്ങളിലൂടെ നാം പ്രാര്‍ഥനാ വിഷയമാക്കുന്നു.

ജപമാലയിലൂന്നിയ പ്രാര്‍ഥന പതിനാറാം നൂറ്റാണ്ടില്‍ വിശുദ്ധനായ ലോറന്‍സ് ബ്രിന്‍ഡിസി എന്ന ഇറ്റാലിയന്‍ സന്യാസി കൂട്ടിച്ചേര്‍ത്തതാണ്. തിന്മയോട് പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ജപമാല.

നമ്മുടെ അനുദിന ജീവിതത്തിലെ ദുഃഖങ്ങള്‍ എല്ലാം ഇറക്കിവയ്ക്കാനുള്ള അത്താണിയാണ് ജപമാല. 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ഥനയും, നന്മനിറഞ്ഞ മറിയമേ എന്ന ജപവും സുവിശേഷത്തില്‍ നിന്നും അതേപടി സ്വീകരിച്ച പ്രാര്‍ഥനകളാണ്. ഇത്രയും ലളിതവും സുന്ദരവുമായ മറ്റൊരു പ്രാര്‍ഥന നമുക്കില്ല. നമ്മുടെ ആരാധനാക്രമത്തിന്റെ തുടര്‍ച്ചയാണ് ജപമാല. മലയാളി കത്തോലിക്കാ കുടുംബപ്രാര്‍ഥനയുടെ ഹൃദയമായി ഈ പ്രാര്‍ഥന നിലകൊള്ളുന്നു.

കൊന്ത എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രാര്‍ഥന കോന്തോ എന്ന പോര്‍ട്ടുഗീസ് വാക്കിന്റെ മലയാള രൂപമാണ്. ജപിക്കുക, എണ്ണുക എന്നെല്ലാമാണ് അര്‍ഥം. ആവര്‍ത്തിച്ച് ചൊല്ലുന്നതിലൂടെ അധരങ്ങളില്‍ നിന്നും ഹൃദയത്തിന്റെ താളമായി ഈ പ്രാര്‍ഥന മാറുന്നു. വ്യക്തിപരമായും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ജപമാല പ്രാര്‍ഥിക്കുക. ദൈവിക അത്ഭുതങ്ങള്‍ നമ്മുടെ ജീവിതങ്ങളില്‍ സംഭവിക്കും.