നേതൃപാടവത്തിന്റെ അക്ഷരമന്ത്രവുമായി ഒഐസിസി പഠനക്കളരി
Monday, October 20, 2014 4:42 AM IST
റിയാദ്: രാഷ്ട്രീയ വിജ്ഞാനവും നേതൃപാടവത്തിന്റെ ബാലപാഠങ്ങളുമായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ പഠനക്ളാസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ചരിത്രബോധവും ആശയവ്യക്തതയും രാഷ്ട്രീയ പ്രവര്‍ത്തകന്റെ കര്‍മ്മപാതയില്‍ വഴികാട്ടികളാണെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ പ്രധാന പഠനക്കളരി സമൂഹമാണെന്നും പഠനക്ളാസ് നയിച്ച കെപിസിസി വിചാര്‍ വിഭാഗം ചെയര്‍മാന്‍ സമദ് മങ്കട അഭിപ്രായപ്പെട്ടു. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം മുഖമുദ്രയാക്കിയ ബി.ജെ.പി യുടേയും നവമുതലാളിത്തത്തോട് സന്ധി ചെയ്ത് ആഡംബരങ്ങളില്‍ സുഖിച്ച് തൊഴിലാളി വര്‍ക്ഷത്തെ കൊഞ്ഞനം കുത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ആയുസ്സ് ക്ഷണികമാണെന്ന് സമദ് പറഞ്ഞു. അത്കൊണ്ടാണ് സുസ്ഥിരമായ ഒരു ഭരണത്തിനായി പലരേയും പരീക്ഷിച്ചിട്ടും വീണ്ടും ഇന്ത്യന്‍ ജനത വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നത്. സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ ജനാധിപത്യ ബോധമുള്ള പൌരന്‍മാരെ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിഞ്ഞിട്ടുള്ളു. എത്ര വലിയ രാഷ്ട്രീയ ആഘാതങ്ങള്‍ നേരിട്ടാലും അതിനെയെല്ലാം അതിജീവിച്ച് നിലനില്‍ക്കാനും തിരിച്ചു വരാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കുകയുള്ളൂവെന്നും സമദ് മങ്കട അഭിപ്രായപ്പെട്ടു.

ഒരുമയും നന്മയും രാജ്യത്തിന് സമ്മാനിച്ച പ്രസ്ഥാനത്തിന്റെ പതാക വാഹകരായ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ നന്മയും ഒരുമയും സമൂഹത്തിന് പകര്‍ന്നു കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

റിയാദ് ഒഐസിസിക്ക് കീഴിലുള്ള എല്ലാ ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും ക്ളാസില്‍ പങ്കെടുത്തു. ബത്ഹയിലെ സഫമക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റുമാരെ ആദരിച്ചു. ജില്ലാ ഭാരവാഹികളായ ജിഫിന്‍ അരീക്കോട്, സക്കീര്‍ ധാനത്ത്, സലാം തെന്നല, ഷാഫി കൊടിഞ്ഞി, അമീര്‍ പട്ടണത്ത്, ജംഷാദ് തുവ്വൂര്‍, മുത്തു തിരൂരങ്ങാടി, ഷബീര്‍ മങ്കട, സലിം കോട്ടക്കല്‍, അന്‍വര്‍ എടവണ്ണപ്പാറ, ഷമീര്‍, റസാക്ക് പൂക്കോട്ടുമ്പാടം, സലിം കളക്കര, നൌഫല്‍ പാലക്കാടന്‍, മുസ്തഫ പാണ്ടിക്കാട്, ഫിറോസ് നിലമ്പൂര്‍, അസ്ലം പെരിന്തല്‍മണ്ണ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍