കെഎച്ച്എന്‍എ മിഷിഗണ്‍ മേഖലാ കണ്‍വന്‍ഷന്‍
Monday, October 20, 2014 4:42 AM IST
ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) മിഷിഗണ്‍ മേഖലാ ഏകദിന കണ്‍വന്‍ഷനും 2015 ഡാലസ് നാഷണല്‍ കണ്‍വന്‍ഷന്റെ ശുഭാരംഭവും ട്രോയ് ഭാരതീയ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രാചാരപ്രകാരം സുദര്‍ശന കുറുപ്പ് നിര്‍മ്മിച്ച് താന്ത്രികവിധിപ്രകാരം പ്രതിഷ്ഠിച്ച കൊടിമരത്തില്‍ ചിന്മയ മിഷന്‍ ഡാലസ് ആശ്രമത്തിലെ റസിഡന്റ് സ്വാമിയും, ചിന്മയ യുവകേന്ദ്ര ഡയറക്ടറുമായ സ്വാമി സര്‍വ്വേശാനന്ദയും, കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍ നായരും ചേര്‍ന്ന് ധ്വജം ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനം രാത്രി ഭക്തിഗാനസുധയോടെ സമാപിച്ചു.

വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ടി.എന്‍. നായര്‍ ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വടക്കേ അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലും നടത്തിവരുന്ന വ്യത്യസ്തങ്ങളായ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും പ്രതിപാദിച്ചുകൊണ്ട് സെക്രട്ടറി ഗണേശ് നായര്‍, ട്രസ്റി ബോര്‍ഡ് വൈസ് പ്രസിഡന്റ് അരവിന്ദ് പിള്ള, സതീശന്‍ നായര്‍, ഡോ. സതി നായര്‍, രാജേഷ് കുട്ടി, രമ്യാ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

'ഹിന്ദു മത ആചരണം- ദൈനംദിന ജീവിതത്തില്‍' എന്ന വിഷയത്തെ അധികരിച്ച സ്വാമി സര്‍വ്വേശാനന്ദയും, ഹൈന്ദവ ധര്‍മ്മനീതിയെ അനാവരണം ചെയ്ത് മാധവന്‍ മാസ്ററും പ്രഭാഷണം നടത്തി. ബഹുദൈവാരാധനയുടെ അടിസ്ഥാന സങ്കല്‍പം, പല വഴികളിലൂടെ ലഭ്യമാകുന്ന സമഗ്രമായ ഈശ്വരസാക്ഷാത്കാരം, പൌരാണിക ഭാരതത്തില്‍ നിലനിന്നിരുന്ന ധര്‍മ്മനീതി എന്നിവയെ സംബന്ധിച്ച ദീര്‍ഘമായ സംവാദങ്ങളും നടന്നു. പ്രസന്ന മോഹന്‍, ഡോ. ഗീതാ നായര്‍ എന്നിവര്‍ പ്രഭാഷണ ചര്‍ച്ചാവേദികള്‍ക്ക് നേതൃത്വം നല്‍കി.

ഇദംപ്രഥമമായി ഡിട്രോയിറ്റില്‍ നടന്ന ഹൈന്ദവ കൂട്ടായ്മയില്‍ മുന്നൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഭക്തിനിര്‍ഭരമായ സന്ധ്യാദീപം പരിപാടികള്‍ക്ക് രാജേഷ് നായരും സംഘവും അവതരിപ്പിച്ച തായമ്പകയും, കേളികൊട്ടും, വായ്കുരവയും, വേദമന്ത്രോച്ഛാരണങ്ങളും മാറ്റുകൂട്ടി. തുടര്‍ന്ന് ഡാലസ് കണ്‍വന്‍ഷന്റെ ശുഭാരംഭം നടന്നു. അഞ്ഞൂറില്‍പ്പരം കുടുംബങ്ങള്‍ക്ക് നാലുദിവസം ആതിഥേയത്വം അരുളുന്ന 2015 ജൂലൈ 2 മുതല്‍ 4 വരെ നടക്കുന്ന സമ്മേളന പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് ടി.എന്‍. നായര്‍, ട്രസ്റി ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍കെ, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ന്യൂജേഴ്സി നാമം പ്രസിഡന്റ് മാധവന്‍ നായര്‍, ബൈജു പണിക്കര്‍, ഗിരീഷ് നായര്‍, ശബരി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഏകമായ ദൈവ സങ്കല്‍പത്തിലെ വിവിധ ഹൈന്ദവ മൂര്‍ത്തീരൂപങ്ങളും അവയുടെ ആരാധനാലക്ഷ്യങ്ങളും ചിത്രീകരിച്ച് ദേവിക രാജേഷും, സൂര്യ ഗിരീഷും ചേര്‍ന്ന് ആവിഷ്കരിച്ച നൃത്തശില്‍പാവതരണം നവ്യമായ നയനാനുഭൂതിയായിരുന്നു.

സമാപനം കുറിച്ചുകൊണ്ട് സുനില്‍ പൈങ്കോളിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭക്തിഗാനസുധയില്‍ ഡിട്രോയിറ്റിലെ പ്രമുഖ ഗായകരോടൊപ്പം ഷിക്കാഗോയില്‍ നിന്നെത്തിയ ജയരാജും സംഘവും കൂടിച്ചേര്‍ന്നു. ഹരിവരാസന മംഗളഗീതവുമായി കൊടിയിറങ്ങിയ സമ്മേളനത്തില്‍ പങ്കെടുത്ത കുടുംബാംഗങ്ങള്‍ക്കും അതിഥികള്‍ക്കും സ്വാഗതസംഘം ചെയര്‍മാന്‍ രാജേഷ് നായര്‍ സ്വാഗതവും, കണ്‍വീനര്‍ അനില്‍ കോളോത്ത് നന്ദിയും പറഞ്ഞു. വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി മനോജ് കൃഷ്ണന്‍, ബിനു പണിക്കര്‍, രാജേഷ് കുട്ടി, ബിന്ദു പണിക്കര്‍, രമ്യാ കുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം