യൂണിവേഴ്സിറ്റി ഓഫ് ഡാളസില്‍ ഗുപ്താ ഹോളിന്റെ നിര്‍മാണം ആരംഭിച്ചു
Thursday, October 23, 2014 8:42 AM IST
ഡാളസ്: പന്ത്രണ്ട് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയ ഇന്ത്യന്‍ ദമ്പതിമാരുടെ പേരില്‍ യൂണിവേഴ്സിറ്റി ഓഫ് ഡാളസില്‍ ആരംഭിക്കുന്ന ഗുപ്ത കോളജ് ഓഫ് ബിസിനസ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റീല്‍ നിര്‍മാണ വിതരണ കമ്പനി എസ്ബി ഇന്റര്‍ നാഷണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സതീഷ് ഗുപ്തയും ഭാര്യ യാസ്മിന്‍ ഗുപ്തയുമാണ്. 12 മില്യണ്‍ ഡോളര്‍ യുടിഡിക്ക് സംഭാവന നല്‍കിയത്. യൂണിവേഴ്സിറ്റിയുടെ 58 വര്‍ഷ ചരിത്രത്തില്‍ ഇത്രയും സംഖ്യ ഒന്നിച്ച് സംഭവാന ലഭിച്ച ആദ്യ സംഭവമാണിത്.

ഒക്ടോബര്‍ 17 ന് തറക്കല്ലിട്ട ഗുപ്ത കോളജ് ഓഫ് ബിസിനസില്‍ എംബിഎ, സയന്‍സില്‍ ബിരുദാനന്തര ബിരുദം, ബിസിനസില്‍ ഡോക്ടേഴ്സ്, വിവിധ വിഷയങ്ങളില്‍ ബിരുദം തുടങ്ങിയ വിദ്യാഭ്യാസ സൌകര്യം ഉണ്ടായിരിക്കും.

സതീഷും ഭാര്യ യാസ്മിനും എംബിഎ ബിരുദം കരസ്ഥമാക്കിയ യൂണിവേഴ്സിറ്റി ഓഫ് ഡാളസിന് സംഭാവന നല്‍കുന്നതിനും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സൌകര്യം ഒരുക്കുന്നതിനും പ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.

യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനും ഭാഗഭാക്കാവുന്നതിനും സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊളളുന്നു യുടിഡി പ്രസിഡന്റ് തോമസ് ഡബ്ളിയു കീഫി പറഞ്ഞു.

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് നോര്‍ത്ത് ടെക്സസ് പ്രൈമറി ക്ളിനിക്ക്, ആര്യ സമാജ് കാന്‍സര്‍ ക്ളിനിക്ക് എന്നിവര്‍ക്ക് ഗുപ്താ അഗര്‍വാള്‍ ചാരിറ്റബിള്‍ ഫൌണ്േടഷന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍