ഗയാനയില്‍ മലയാളി കുത്തേറ്റു മരിച്ചു
Friday, October 24, 2014 3:40 AM IST
ഏറ്റുമാനൂര്‍: കുടമാളൂര്‍ സ്വദേശിയായ മെയില്‍ നഴ്സ് ഗയാനയില്‍ അക്രമികളുടെ കുത്തേറ്റു മരിച്ചു. കുടമാളൂര്‍ കാച്ചപ്പള്ളില്‍ ജയിംസിന്റെ മകന്‍ ജയിംസ് പീറ്റര്‍(30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ഗയാനയില്‍ ഒപ്പം ജോലിചെയ്യുന്ന മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചശേഷം താമസസ്ഥലത്തേക്കു മടങ്ങുംവഴിയാണു ദുരന്തമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം നടക്കുന്നതിനിടെ പീറ്ററിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. പോക്കറ്റില്‍നിന്നു ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡരികില്‍ നിന്നിരുന്ന നാട്ടുകാരായ ചിലര്‍ മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെ അക്രമികള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ടു കഴുത്തില്‍ കുത്തുകയായിരുന്നു.

ഇതേസമയം, ഈ സംഭവങ്ങള്‍ ഒന്നുമറിയാതെ സുഹൃത്തുക്കള്‍ മുമ്പോട്ടു നടന്നിരുന്നു. കുത്തേറ്റ പീറ്റര്‍ സുഹൃത്തുക്കളുടെ ഒപ്പമെത്തി വിവരം പറയുകയും സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തി അധികം വൈകാതെ മരണം സംഭവിച്ചു.

മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ചയേ പോസ്റ്മോര്‍ട്ടം നടക്കുകയുള്ളുവെന്നാണ് അറിയുന്നത്. ജോസ് കെ. മാണി എംപി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇന്നലെ അവധിയായിരുന്നതിനാല്‍ ക്രമീകരണങ്ങളൊന്നും നടന്നിട്ടില്ല. ഇന്ന് എംബസിയുമായി ബന്ധപ്പെട്ടശേഷമേ പോസ്റ്മോര്‍ട്ടം സംബന്ധമായ കാര്യങ്ങളിലും മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതു സംബന്ധിച്ച കാര്യങ്ങളിലും കൃത്യത ലഭിക്കുകയുള്ളൂ.

നാലുവര്‍ഷം മുമ്പാണു ജയിംസ് പീറ്റര്‍ ഗയാനയില്‍ ജോലിയില്‍ പ്രവേശിച്ചത്. വിവാഹത്തിനുവേണ്ടി അടുത്ത ജനുവരിയില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. അഞ്ചുവര്‍ഷമായി ഗയാനയില്‍ നഴ്സായി ജോലിചെയ്യുന്ന ഇരട്ട സഹോദരന്‍ ജോസഫ് പീറ്റര്‍ ഇപ്പോള്‍ അവധിക്കു നാട്ടിലുണ്ട്. മാതാവ് റോസമ്മ കൈനകരി കാഞ്ഞിരവേലി കുടുംബാംഗം. സഹോദരി: ജസ്റ്റി ജയിംസ്.