കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നേത്രദാന പ്രതിജ്ഞയെടുത്തു
Friday, October 24, 2014 7:24 AM IST
ബാംഗളൂര്‍: ലോകകാഴ്ച ദിനത്തോടനുബന്ധിച്ചു പ്രോജക്ട് വിഷന്റെ ആഭിമുഖ്യത്തില്‍ ബാംഗളൂര്‍ ഗാന്ധിഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ നേത്രദാന പ്രതിജ്ഞയെടുത്തു. പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട രോഗമായി കാഴ്ചവൈകല്യത്തെ കേന്ദ്രസര്‍ക്കാര്‍ കാണുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി വ്യക്തമാക്കി. നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് നിയമത്തിന്റെ പരിരക്ഷയെക്കാളുപരി ബോധവത്കരണവും മത-സാമൂഹിക സംഘടനകളുടെ ഇടപെടലും ഫലപ്രദമാണ്. നേത്രദാനംവഴി നിരവധി പേര്‍ക്കു കാഴ്ചയുടെ ലോകത്തേക്കു പ്രവേശിക്കാനാകും. -മന്ത്രി പറഞ്ഞു.

പ്രോജക്ട് വിഷനു പുറമെ കര്‍ണാടക ഒഫ്താല്‍മോളജി സൊസൈറ്റി, ബാംഗളൂര്‍ ഒഫ്താല്‍മോളജി, ഡിസബിലിറ്റി എന്‍ജിഒ അലയന്‍സ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ നേത്രദാനവുമായി ബന്ധപ്പെട്ട് എട്ടിന നിര്‍ദേശങ്ങള്‍ പ്രോജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ് കണ്ണന്താനം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു നേത്രദാന പരിശോധന നിര്‍ബന്ധമാക്കുക, താലൂക്ക് തലത്തിലും ജില്ലാതലത്തിലും പാവപ്പെട്ടവര്‍ക്കായി സമ്പൂര്‍ണ കണ്ണുപരിശോധന ലഭ്യമാക്കുക, നേത്രദാന ബോധവത്കരണത്തിനായി നാഷണല്‍ പ്രോഗ്രാം ഓഫ് കണ്‍ട്രോള്‍ ഓഫ് ബ്ളൈന്‍ഡ്നസിന്റെ നേതൃത്വത്തില്‍ എസ്എംഎസ് സന്ദേശം പ്രയോജനപ്പെടുത്തുക, നേത്രദാനത്തിനായി പൊതുജനങ്ങളുടെ സൌകര്യാര്‍ത്ഥം കര്‍ണാടകയിലേതുപോലെ എല്ലാ സംസ്ഥാനങ്ങളിലും ഹെല്‍പ് ലൈന്‍ ഉണ്ടാക്കുക, നേത്രദാനത്തെക്കുറിച്ച് ആശുപത്രികളിലും ഡോക്ടര്‍മാരിലും ഫലപ്രദമായ ബോധവത്കരണം ഉണ്ടാക്കുക, അവയവദാനത്തിന്റെ മാതൃകയില്‍ നേത്രരജിസ്ട്രറിയും ഉണ്ടാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചത്.

നേത്രദാനദാന രംഗത്തു സ്തുത്യര്‍ഹ പ്രവര്‍ത്തനം നടത്തിയ അന്തോണിയാമ്മ, ഗുരുദേവ്, സുബ്രഹ്മമണ്യം ജയറാം എന്നിവര്‍ക്കു ചടങ്ങില്‍ വേള്‍ഡ് സൈറ്റ് ഡേ അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സമ്മാനിച്ചു.