മോന്‍സ് ജോസഫിന് അവാര്‍ഡും മാര്‍ ജോയി ആലപ്പാട്ടിന് പൌരസ്വീകരണവും നല്‍കി
Friday, October 24, 2014 9:24 AM IST
ഷിക്കാഗോ: പ്രഥമ അമേരിക്കന്‍ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായി കേരളത്തിലെ നിയോജകമണ്ഡലങ്ങളില്‍ മികച്ച ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന നിയമസഭാ സാമാജികര്‍ക്കായി ഏര്‍പ്പെടുത്തിയ ജനസേവാ അവാര്‍ഡ് മുന്‍ മന്ത്രി അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എക്ക് ഷിക്കാഗോ ബെല്‍ വുഡ് സിറ്റി മേയര്‍ ഡോ. ഫ്രാങ്ക് എ.പാസ്ക്കല്‍ സമ്മാനിച്ചു.

ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന് സമ്മേളനത്തില്‍ പൌരസ്വീകരണം നല്‍കി. സാമൂഹ്യപ്രതിബന്ധതയുള്ള റിപ്പോര്‍ട്ടിംഗിന് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് അര്‍ഹമായ ഏഷ്യാനെറ്റ് ചാനലിനുള്ള പുരസ്കാരം യുഎസ്എ പ്രോഗ്രാം ഡയറക്ടര്‍ ബിജു സക്കറിയ ഏറ്റുവാങ്ങി.

ജനസേവാ അവാര്‍ഡു നേടിയ മോന്‍സ് ജോസഫ് എംഎല്‍എയ്ക്ക് പ്രശംസാ ഫലകത്തോടൊപ്പം ഏറ്റവും അത്യാധുനികമായ ഐ-ഫോണ്‍ 6-ഉം സമ്മാനിച്ചു. അമ്പതിനായിരം രൂപയുടെ കാഷ് അവാര്‍ഡിന് പകരമായിട്ടാണ് എംഎല്‍എമാര്‍ക്ക് ഏറ്റവും ഉപകരിക്കുന്ന ഐ-ഫോണ്‍ 6 സമ്മാനിക്കുവാന്‍ തീരുമാനിച്ചതിലൂടെ അവാര്‍ഡുദാനം വ്യത്യസ്തയുള്ളതായിത്തീര്‍ന്നു.

കേരളത്തില്‍ മികച്ച റോഡുകള്‍ യാഥാര്‍ഥ്യമാക്കാനും അടിസ്ഥാന സൌകര്യ വികസനം ഏറ്റവും കാര്യക്ഷമതയോടെ നടപ്പാക്കാനും നേതൃത്വം നല്‍കിയത് കണക്കിലെടുത്താണ് മോന്‍സ് ജോസഫ് എംഎല്‍എയ്ക്ക് ജനസേവാ അവാര്‍ഡ് സമ്മാനിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

'ഞങ്ങള്‍ക്കുമുണ്ട് ആശങ്കകള്‍'എന്ന പേരില്‍ ഏഷ്യാനെറ്റ് ചാനലില്‍ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും സാമൂഹ്യ പ്രതിബന്ധതയോടെ റിപ്പോര്‍ട്ടുചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റിന് മാധ്യമ അവാര്‍ഡ് സമ്മാനിച്ചത്.

ഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന ഗ്ളോബല്‍ അവാര്‍ഡുനൈറ്റ് ഷിക്കാഗോ ബെല്‍വിഡ് സിറ്റി മേയര്‍ ഡോ.പ്രാങ്ക് എ.പാസ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കുളം അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഭരണകര്‍ത്താക്കളും ആധ്യാത്മിക നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സമൂഹത്തിലെ മുന്‍നിരക്കാര്‍ എപ്പോഴും മാതൃക കാണിക്കുന്ന വ്യക്തിത്വങ്ങള്‍ ആയിരിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു.

സമ്മേളനത്തില്‍ ഷിക്കാഗോ രൂപത വികാരി ജനറലും കുറവിലങ്ങാട് ദേവമാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പളുമായ റവ. ഡോ.അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇന്ത്യ പ്രസ്ക്ളബ് പ്രസിഡന്റ് ജോസ് കണിയാലി, ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചല്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫോമ ജനറല്‍ സെക്രട്ടറി ഗ്ളാസണ്‍ വര്‍ഗീസ്, ബിജി എടാട്ട്, ടോമി അമ്പനാട്ട്, പോള്‍ പറമ്പി, ജോസ് ഞാറവേലി എന്നിവര്‍ പ്രസംഗിച്ചു.

അവാര്‍ഡുദാന ചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി സാബു നടുവീട്ടില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് രജ്ഞന്‍ ഏബ്രഹാം നന്ദിയും രേഖപ്പെടുത്തി. അസോസിയേഷന്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണക്കാടന്‍ എം.സി. ആകുകയും ചെയ്തു. അവാര്‍ഡുദാന ചടങ്ങുകള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ഫിലിപ്പ് പുത്തന്‍പുര, ബിജി സി മാണി, സിബിള്‍ ഫിലിപ്പ്, ബാബു മാത്യു, ജോജോ വെങ്ങാന്തറ, സന്തോഷ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം