മാര്‍ക്ക് സെമിനാറില്‍ വര്‍ധിച്ച ജനപങ്കാളിത്തം
Friday, October 24, 2014 9:47 AM IST
ഷിക്കാഗോ: നൂറ്റിയഞ്ച് റെസ്പിരേറ്ററി പ്രഫഷണലുകളുടെ പങ്കാളിത്തത്തോടെ ഒക്ടോബര്‍ 18-ന് (ശനി) മാര്‍ക്ക് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിഭാഗം പ്രഫഷണലുകളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയുടേയും അംഗീകാരത്തിന്റേയും സാക്ഷ്യമായിരുന്നു. റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ആവശ്യമായ 24 സി.ഇയും ലഭ്യമാക്കിക്കൊണ്ട് കഴിഞ്ഞ 12 വര്‍ഷം തുടര്‍ച്ചയായി മാര്‍ക്ക് സംഘടിപ്പിച്ചുവരുന്ന ഈ സെമിനാറുകള്‍ പ്രഫഷണല്‍ സംഘടനാ രംഗത്ത് സമാനതകള്‍ ഏറെയില്ലാത്തൊരു പ്രവര്‍ത്തന വിജയം കൂടിയാണ്. അംഗങ്ങള്‍ക്ക് ഏതാണ്ട് സൌജന്യമായും അംഗത്വമില്ലാത്തവരില്‍ നിന്ന് തുച്ഛമായ തുകമാത്രം ഈടാക്കിയും ലാഭേച്ഛകൂടാതെ സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഉന്നത നിലവാരം നിലനിര്‍ത്തുന്നതാകണമെന്നത് സംഘടാകര്‍ക്ക് നിര്‍ബന്ധമാണ്.

സെമിനാറില്‍ 'ബ്രോങ്കോ സ്കോപ്പി', 'ആല്‍ഫാ വണ്‍ ആന്റി ട്രിസ്പിന്‍ ഡെഫിഷ്യന്‍സി', 'എയര്‍വേ ഇവാലുവേഷന്‍' എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്കോക്കി ഹോസ്പിറ്റലില്‍ നിന്നുള്ള ഡോ. മുഹമ്മദ് ഒമാറി, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി മെഡിക്കല്‍ സെന്റര്‍ റെസ്പിരേറ്ററി കെയര്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ക്ളെയിന്‍, ഹോളിഫാമിലി ഹോസ്പിറ്റല്‍ റെസ്പിരേറ്ററി കെയര്‍ മാനേജര്‍ കരണ്‍ മാറ്റംഗലി എന്നിവര്‍ ക്ളാസെടുത്തു. ഓര്‍മപുതുക്കലിനൊപ്പം പുതുതായി കണ്ടുപിടിക്കപ്പെട്ട ശ്വാസകോശ രോഗങ്ങളിലേക്ക് വെളിച്ചംവീശുകയും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ പ്രവര്‍ത്തനവും വിശദമായി ഈ സെമിനാറില്‍ പ്രതിപാദിക്കപ്പെട്ടു.

മാര്‍ക്ക് പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസ് സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് സ്വാഗതം ആശംസിച്ചു. 2016-ല്‍ അസാധുവാകുന്ന ഇല്ലിനോയിയിലെ റെസ്പിരേറ്ററി കെയര്‍ ലൈസന്‍സ് ആക്ട് സ്ഥിരമായി നിലനിര്‍ത്തുവാനായി ഐഎസ്ആര്‍സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഫഷണലുകളുടെ പിന്തുണയും പങ്കാളിത്തവും പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസ് അഭ്യര്‍ഥിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സയും സുരക്ഷയും ഉറപ്പുവരുത്താന്‍ ലൈസന്‍സ് നിലനിര്‍ത്തുക അനിവാര്യമാണെന്നും ഈ വസ്തുത ബില്ല് പരിശോധിക്കുന്ന ഇല്ലിനോയി ഹൌസ്, സെനറ്റ് അംഗങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ഓരോ അംഗങ്ങളും താത്പര്യം കാട്ടണമെന്നും പ്രസിഡന്റ് പ്രത്യേകം ഓര്‍മിപ്പിച്ചു.

സെമിനാറില്‍ നന്ദി പ്രകാശിപ്പിച്ച സെക്രട്ടറി വിജയന്‍ വിന്‍സെന്റ് സെമിനാറിന്റെ നടത്തിപ്പിന് പ്രയത്നിച്ച ഏവര്‍ക്കുമൊപ്പം പ്രഭാഷകര്‍ക്കും പങ്കെടുത്തവര്‍ക്കും ലഞ്ച് സ്പോണ്‍സര്‍ ചെയ്ത വാല്യു മെഡ് കമ്പനി മേധാവി കെവിന്‍ മക്ഡര്‍ മട്ടിനും നന്ദി അറിയിച്ചു.

ഒക്ടോബര്‍ 19 മുതല്‍ 25 വരെ ആഘോഷിക്കുന്ന റെസ്പിരേറ്ററി കെയറിന്റെ മംഗളങ്ങള്‍ ഏവര്‍ക്കും നേര്‍ന്നതിനൊപ്പം അതിനായുള്ള വിജ്ഞാപനമിറക്കിയ സംസ്ഥാന ഗവര്‍ണര്‍ പാറ്റ്ക്യൂന്‍, സെക്രട്ടറി ഓഫ് സ്റേറ്റ് ജസി വൈറ്റ് എന്നിവരെ സെക്രട്ടറി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. മാര്‍ക്ക് ട്രഷറര്‍ സാം തുണ്ടിയില്‍, ജോ ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, ജോ. സെക്രട്ടറി മാക്സ് ജോയി, എഡ്യൂക്കേഷന് കോര്‍ഡിനേറ്റേഴ്സായ റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ് എന്നിവര്‍ക്കൊപ്പം സമയാ ജോര്‍ജ്, രാമചന്ദ്രന്‍ ഞാറയ്ക്കല്‍ എന്നിവര്‍ സെമിനാറിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി. വിജയന്‍ വിന്‍സെന്റ് (സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം